തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിൽ ആരംഭിച്ച കൺട്രോൾ റൂം പ്രവർത്തനം കൂടുതൽ സജീവമായി.പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് നിയുക്ത എം.എൽ.എമാരായ വി.കെ.പ്രശാന്ത്,വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവർ ഇന്നലെ നഗരസഭയിലെത്തി.കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ ഭക്ഷണത്തിനും മരുന്നിനുമായി കാൾ സെന്ററിൽ വിളിച്ച കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇന്നലെ സഹായമെത്തിച്ചു.അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ടവർക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിന്റെ സേവനവും നൽകി.നഗരസഭയുടെ ആംബുലൻസ് സൗകര്യം പൂർണതോതിൽ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് പടരുന്ന സാഹചര്യം നിലനിൽക്കുന്ന രാജാജി നഗറിലെ രോഗബാധിതരെയും ലക്ഷണങ്ങൾ ഉള്ളവരെയും സി.എഫ്.എൽ.ടി.സികളിൽ മാറ്റി പാർപ്പിക്കുന്ന നടപടി സ്വീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഉൾപ്പെടെ ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടറോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.