
തിരുവനന്തപുരം: ഭീമാ ജുവലറി ഉടമ ബി.ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാൻ ഗോവയിൽ അറസ്റ്റിലായി. മറ്റൊരു കേസിൽ പ്രതിയായ ഇയാളെ പനാജി പൊലീസാണ് അറസറ്റ് ചെയ്തത്. കന്റോൺമെന്റ് പൊലീസ് എ.സി.പി കെ.സദൻ പനാജി പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് വിവരം സ്ഥിരീകരിച്ചു.
ഗോവയിൽ ഒരു കോടി രൂപയുടെ കവർച്ചക്കേസിലാണ് റോബിൻ ഹുഡ് എന്ന് അറിയപ്പെടുന്ന ബീഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് ആന്ധ്രാ പൊലീസ് ഇയാളെ പിടികൂടിയതായി മ്യൂസിയം പൊലീസിന് അനൗദ്യോഗിക വിവരം ലഭിച്ചിരുന്നു. അന്ന് ആന്ധ്രാ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും അവർ സ്ഥിരീകരിച്ചിരുന്നില്ല. ആന്ധ്രാ പൊലീസ് അവരുടെ തെളിവെടുപ്പിനു ശേഷം ഗോവ പൊലീസിന് പ്രതിയെ കൈമാറിയതാണെന്ന സൂചനയുമുണ്ട്.
പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് കേരള പൊലീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇയാളെ കേരളത്തിലെത്തിക്കുക എന്നതാണ് അടുത്ത നടപടി. അവിടത്തെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകും ഇവിടെ എത്തിക്കുക. കൊവിഡും ലോക്ക് ഡൗണും നിലനിൽക്കുന്നതിനാൽ പ്രതിയെ കേരളത്തിലെത്തിക്കാനുള്ള പ്രതിസന്ധിയും പൊലീസ് കണക്കിലെടുക്കുന്നുണ്ട്.
ഭീമ ജുവലറി ഉടമയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരും വളർത്തുനായ്ക്കളുമുള്ള വീട്ടിൽ ഏപ്രിൽ 14നാണ് മോഷണം നടന്നത്.