നെടുമങ്ങാട്: രണ്ടാംതരംഗത്തിൽ നെടുമങ്ങാട് താലൂക്കിലെ ഭൂരിഭാഗം ആശുപത്രികളിലും നേരിയ ആശ്വാസത്തിന്റെ സുദിനമായിരുന്നു ഇന്നലെ. ആയിരത്തിലേറെപ്പേരിൽ നടത്തിയ ആന്റിജൻ-ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് നൂറിൽ താഴെ മാത്രം. രണ്ടാഴ്ചയായി ഉയർന്ന പോസിറ്റിവിറ്റി നിലനിന്നിരുന്ന തൊളിക്കോട്, മലയടി, കല്ലറ, ഭരതന്നൂർ, അരുവിക്കര, പെരിങ്ങമ്മല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പോസിറ്റീവ് കേസ് ഒന്ന് പോലും റിപ്പോർട്ട് ചെയ്തില്ല. മലയോര മേഖലയിൽ ശരാശരി 150 നും 200 നും ഇടയിലാണ് പ്രതിദിന രോഗികളുടെ എണ്ണം സ്ഥിരീകരിക്കപ്പെട്ടിരുന്നത്. ഇതേസമയം, വിതുര താലൂക്കാശുപത്രി - 38, പനവൂർ പി.എച്ച്.സി - 20, കന്യാകുളങ്ങര സി.എച്ച്.സി - 11, വാമനപുരം ബി.പി.എച്ച്.സി - 3, പുല്ലമ്പാറപി.എച്ച്.സി - 3, ആനാട് പി.എച്ച്.സി - 2, ആര്യനാട് പി.എച്ച്.സി - 2, നെടുമങ്ങാട് ജില്ലാ ആശുപത്രി - 26 എന്ന നിലയിൽ പോസിറ്റിവിറ്റി താഴത്ത പ്രദേശങ്ങളുമുണ്ട്. രോഗവ്യാപനം കൂടുതലുള്ള 13 കേന്ദ്രങ്ങളിലാണ് ഇന്ന് സ്രവ പരിശോധന ക്രമീകരിച്ചിട്ടുള്ളത്. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഇന്നലെ വാക്‌സിനേഷൻ പുനരാരംഭിച്ചതും ആശ്വാസത്തിന് വകയായി. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നെടുമങ്ങാട് പൊലീസ് സബ് ഡിവിഷന് കീഴിലെ ഒമ്പത് സർക്കിളുകളിലും പ്രതിരോധ നടപടികൾ കർശനമാക്കാൻ നിർദേശം നൽകിയെന്ന് ഡിവൈ.എസ്.പി ഉമേഷ്‌കുമാർ കേരളകൗമുദിയോട് പറഞ്ഞു.