ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം ഉറപ്പില്ല
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടത്താൻ ഇന്നലെ എ.കെ.ജി സെന്ററിൽ ചേർന്ന സി.പി.എം - സി.പി.ഐ ചർച്ചയിൽ ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും പങ്കെടുത്ത ചർച്ച ഒന്നര മണിക്കൂറോളം നീണ്ടു.
മുന്നണിയുമായി പുറത്ത് സഹകരിക്കുന്ന ആർ.എസ്.പി-ലെനിനിസ്റ്റിന്റെ കോവൂർ കുഞ്ഞുമോൻ ഉൾപ്പെടെ ഒറ്റ അംഗത്തെ വീതം ജയിപ്പിച്ച ആറ് കക്ഷികളുണ്ട്. ഇവർക്ക് മന്ത്രിസ്ഥാനം നൽകുന്നതിൽ പരിമിതികളുണ്ടെന്ന് യോഗം വിലയിരുത്തി. ഇവരുൾപ്പെടെ എല്ലാ ഘടകകക്ഷികളുമായും വരും ദിവസങ്ങളിൽ സി.പി.എം ചർച്ച നടത്തും. അവരുടെ അഭിപ്രായങ്ങൾ കേട്ട ശേഷം പരിമിതികൾ ബോദ്ധ്യപ്പെടുത്തും.
ഈ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം 17ന് ഇടതുമുന്നണി യോഗത്തിന് മുമ്പായി വീണ്ടും സി.പി.എമ്മും സി.പി.ഐയും തമ്മിൽ ചർച്ച നടത്തി അന്തിമധാരണയിലെത്തും. എൽ.ഡി.എഫ് നിയമസഭാകക്ഷി യോഗം ചേർന്ന് തീരുമാനം അംഗീകരിച്ച ശേഷം ഗവർണറെ സമീപിച്ച് സത്യപ്രതിജ്ഞയിലേക്ക് കടക്കും. ഇതിനിടയിൽ സി.പി.എമ്മും സി.പി.ഐയും നേതൃയോഗങ്ങൾ ചേർന്ന് അവരുടെ മന്ത്രിമാരെ നിശ്ചയിക്കും. മറ്റ് കക്ഷികളുടെ മന്ത്രിമാരെയും ഈ ദിവസങ്ങളിൽ തീരുമാനിക്കും.