തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ ചെങ്കൽചൂളയിൽ നിന്ന് 30 പേരെ മാറ്റി പാർപ്പിച്ചു. എല്ലാവരും കൊവിഡ് പോസറ്റീവായവരാണ്. ആനയറ സമേതിയിലേക്കാണ് മാറ്റിയത്. പ്രദേശത്ത് രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് കോർപ്പറേഷൻ നടപടിയെടുത്തത്. നേരത്തെ ഇവിടെ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ഐരാണിമുട്ടം ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ഒരുകൂട്ടം പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ആളുകൾ തിങ്ങിപ്പാർക്കുന്ന ചെങ്കൽചൂളയിൽ രോഗവ്യാപനം ഇനിയും വർദ്ധിക്കാനിടയുണ്ട്. കർശന ജാഗ്രതയാണ് ആരോഗ്യവകുപ്പും കോർപറേഷനും പുലർത്തുന്നത്. ചെങ്കൽചൂളയിലുള്ളവർക്കായി ഇന്ന് പ്രത്യേക പരിശോധ നടത്തുമെന്ന് തമ്പാനൂർ വാർഡ് കൗൺസിലർ സി. ഹരികുമാർ പറഞ്ഞു.