കോവളം: സി.പി.എം വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനാലകളും വാതിലുകളും അടിച്ചുതകർത്ത അക്രമിസംഘം വിഴിഞ്ഞം ഹാർബറിന് സമീപത്ത് പാർക്ക് ചെയ്‌തിരുന്ന കാറിന്റെ ഗ്ലാസും അടിച്ചുതകർത്തു.

വെങ്ങാനൂർ കല്ലുവെട്ടാൻകുഴി പഴവിള കോതറത്തല വീട്ടിൽ സുനിതാഭവനിൽ വിഴിഞ്ഞം സ്റ്റാൻലിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കുടുംബ പ്രശ്‌നങ്ങളിൽ താൻ ഇടപെട്ടില്ലെന്നാരോപിച്ച് ബന്ധുക്കളിൽ ചിലരാണ് അക്രമം നടത്തിയതെന്ന് സ്റ്റാൻലി പറഞ്ഞു. കാറിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ച സംഭവത്തിൽ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി മടങ്ങുമ്പോഴാണ് ഇതേസംഘത്തിൽപ്പെട്ട മൂന്നുപേർ രാത്രിയോടെ ബൈക്കിലെത്തി വീടിനു നേരെ ആക്രമണം നടത്തിയത്. ഇവർ വാളുമായെത്തി വീട്ടുകാരെ ഓടിച്ചു. തുടർന്ന് വീട്ടിലെ ഫർണിച്ചറുകൾ വെട്ടിനശിപ്പിച്ചു. ബഹളംവച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാർ പറഞ്ഞു. വിഴിഞ്ഞം പൊലീസിൽ വീണ്ടും പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.