മുക്കം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുക്കം നഗരസഭ കെട്ടിയടച്ച റോഡ് കാരശ്ശേരി പഞ്ചായത്ത് ഇന്നലെ
ബലമായി തുറന്നിരുന്നു. പക്ഷെ, ഇതിന് പിന്നാലെ മുക്കം നഗരസഭ അത് വീണ്ടും അടച്ചു. ബുധനാഴ്ച രാത്രി കാരശേരി പഞ്ചായത്ത് അധികൃതർ ബലമായി നീക്കം ചെയ്ത ബാരിക്കേഡാണ് വ്യാഴാഴ്ച രാവിലെ മുക്കം നഗരസഭ പുനഃസ്ഥാപിച്ചത്. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ മുക്കം നഗരസഭ ചെയർമാൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനെ തുടന്ന് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപെട്ട മുക്കം അങ്ങാടിയിലേയ്ക്ക് താത്കാലികമായി വാഹന ഗതാഗതം നിരോധിക്കാനാണ് മുക്കം നഗരസഭ നടപടിയെടുത്തത്. അങ്ങാടിയിലേയ്ക്കുളള പ്രവേശന മാർഗങ്ങളെല്ലാം അടച്ച കൂട്ടത്തിലാണ് ബുധനാഴ്ച രാവിലെ മുക്കം കടവ് പാലത്തിലും ബാരിക്കേഡ് സ്ഥാപിച്ചത്. എന്നാൽ
മുക്കം നഗരസഭ രാവിലെ സ്ഥാപിച്ച ബാരിക്കേഡ് രാത്രിയോടെ കാരശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എത്തിയവർ ബലമായി നീക്കം ചെയ്യുകയായിരുന്നു.
വനിതകളടക്കമുള്ള പഞ്ചായത്തംഗങ്ങളും ബാരിക്കേഡ് നീക്കം ചെയ്യാൻ എത്തിയിരുന്നു. രോഗികളെ കൊണ്ടു പോകുന്ന ആംബുലൻസിനും മറ്റും എളുപ്പത്തിൽ പോകാനുള്ള വഴിയാണിതെന്ന് അവർ പറഞ്ഞു. എന്നാൽ കാരശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ഈ നടപടി അപലപനീയമാണെന്ന് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. ബുധനാഴ്ച രാത്രി കാരശ്ശേരി പഞ്ചായത്ത് പൊളിച്ചുമാറ്റിയ ബാരിക്കേഡ് മുക്കം കടവ് പാലത്തിൽ വ്യാഴാഴ്ച രാവിലെ മുക്കം നഗരസഭാധികൃതർ പുനഃസ്ഥാപിക്കുകയും ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രജിത പ്രദീപിന്റെ നേതൃത്വത്തിലാണ് ബാരിക്കേഡ് പുനഃസ്ഥാപിച്ചത്. സ്ഥലത്ത് പൊലീസിനെ കാവൽ നിർത്തിയിട്ടുണ്ട്.