
തൃപ്പൂണിത്തുറ: കൊവിഡ് വ്യാപകമായതോടെ ഉപജീവനത്തിന് പാടുപെടുകയാണ് അയൽ സംസ്ഥാനക്കാരായ മല്ലികയും മാതാവ് പത്മയും. ഇവർ 20 വർഷം മുമ്പാണ് കേരളത്തിലെത്തിയത്. ഇവിടെ കൂലിപ്പണി എടുക്കാൻ തുടങ്ങിയതോടെ വരുമാനം വർദ്ധിച്ചു. കഴിഞ്ഞ 5 കൊല്ലമായി എറണാകുളം മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങി തല ചുമടായി വീടുകളിൽ വിറ്റാണ് ജീവിതം നയിക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ വീടുകളിൽ ചെല്ലാനോ പച്ചക്കറി വിൽക്കാനോ കഴിയുന്നില്ല. കൊവിഡിനെ ഭയന്ന് ആരും പുറത്ത് വരാൻ തയ്യാറാകുന്നില്ല. സേലം സ്വദേശിയായ മല്ലികയ്ക്ക് രണ്ട് കുട്ടികളാണ്. ഇവരുടെ വിദ്യാഭ്യാസ ചിലവും വീട്ടുവാടകയുമെല്ലാം
ഇപ്പോൾ മുടങ്ങിയ അവസ്ഥയിലാണ്. നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗണായതിനാൽ ഇനിയെന്ത് ചെയ്യുമെന്ന ചിന്തയിലാണിവർ. കൊവിഡ് നിയന്ത്രണത്തിലാകുന്നതു വരെ ഇവരെ പോലെ നൂറ് കണക്കിന് പേരുടെ ജീവിതം ത്രിശങ്കുവിലാണ്.