bridge

തലശ്ശേരി: തലശ്ശേരി -വളവ് പാറ റോഡിൽ തലശ്ശേരി നഗരപരിധിയിലെ ജീർണ്ണാവസ്ഥയിലുള്ള എരഞ്ഞോളി പഴയ പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നു. തൊട്ടരികിലായി പണിതു കൊണ്ടിരിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. ഇവിടെ അപ്രോച്ച് റോഡ് സൗകര്യമൊരുങ്ങുകയാണ്. ഇതിനായി ഏതാനും സ്വകാര്യ വ്യക്തികളിൽ നിന്നും സർക്കാർ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ഈ സ്ഥലത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിട്ടുണ്ട്. 53 പേരുടെ കൈവശമുള്ള 1.76 ഏക്കർ ഭൂമിയാണ് ഇപ്പോൾ ഏറ്റെടുത്തത് . ഇതിൽ 21 കടകളും ഒരു വീടുമുണ്ടായിരുന്നു. ഏറ്റെടുത്ത കെട്ടിടത്തിൽ രണ്ട് രാഷ്ട്രിയ പാർട്ടികളുടെ ഓഫീസുകളുമുണ്ടായിരുന്നു.

ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി. പദ്ധതിയിൽ നവീകരിക്കുന്ന വളവ് പാറ റോഡിന്റെ ഭാഗമായാണ് എരഞ്ഞോളി പുഴയിൽ പുതിയ പാലം ഒരുക്കുന്നത്. 2013ലാണ് ഈ റോഡിന്റെ പ്രവൃത്തി തുടങ്ങിയത്. സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെ തുടർന്ന് 2015 ഏപ്രിലിൽ ആദ്യ കരാർ റദ്ദാക്കിയിരുന്നു. എരഞ്ഞോളി പുഴയിൽ പണിയുന്ന സമാന്തര പാലത്തിന്റെ പ്രവൃത്തികളും പലവിധ കാരണങ്ങളാൽ ഇഴയുകയായിരുന്നു. തുടക്കത്തിൽ നടത്തിയ നിർമ്മാണ പ്രവൃത്തികൾ ഇടക്ക് വെച്ച് നിറുത്തേണ്ടി വന്നു.

എരഞ്ഞോളി പുഴയെ ജലപാതയായി പരിഗണിച്ചതിനെ തുടർന്ന് ആദ്യം കെട്ടിയ തൂണുകളുടെ ഉയരം കൂട്ടേണ്ടി വന്നതാണ് തടസമായത്. ഇപ്പോൾ പുഴയിലൂടെ ബോട്ട് കടന്നു പോവാൻ മതിയായ തരത്തിലുള്ള ഉയരം കൂട്ടിയാണ് തൂണുകൾ പണിഞ്ഞത്. ഇത് കഴിഞ്ഞതോടെ, തുടർന്ന് വന്ന കൊവിഡ് നിയന്ത്രണങ്ങൾ വഴിമുടക്കികളായി. പുതിയ പാലത്തിന്റെ വിഷയം വാർത്താപ്രാധാന്യം നേടിയതോടെ കഴിഞ്ഞ ദിവസം കെ.എസ്.ടി.പി. അധികൃതരെയും കരാറുകാരനെയും വിളിച്ചു വരുത്തി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സബ് കലക്ടർ ഓഫീസിൽ യോഗം ചേർന്നിരുന്നു.

ഇപ്പോൾ പുതിയ പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയിട്ടുണ്ട്. 80 ശതമാനം നിർമ്മാണ പ്രവൃത്തി പൂർത്തിയായി കഴിഞ്ഞു. പാലത്തിന്റെ മെയിൻ കോൺക്രീറ്റ് നേരത്തെ പൂർത്തിയായിരുന്നു. സപ്തംബറോടെ പാലം തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ പാലത്തിന്റെ ഇരുഭാഗത്തും ഒഴിയാത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ പുതിയപാലം വഴി ജലപാത കടന്നുപോകുമെന്ന് ചൂണ്ടിക്കാട്ടി 2018 ഡിസംബറിലാണ് മാറ്റം വരുത്തിയ രൂപരേഖയിൽ വീണ്ടും നിർമ്മാണപ്രവൃത്തി പുനഃരാരംഭിച്ചത്. അതാണ് നിർമ്മാണം പൂർത്തിയാകാൻ കാലതാമസം നേരിട്ടത്. നിലവിൽ ഇടുങ്ങിയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ സമീപത്തുള്ള കടകളിലെല്ലാം പൊടി ശല്യവും രൂക്ഷമാണ്. പാലത്തിനു സമീപം നിരവധി വാഹനാപകടങ്ങളും ഉണ്ടായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.