കൊവിഡ് പ്രതിരോധത്തിലും ചികിത്സയിലും ഭക്ഷണത്തിന് വലിയ സ്ഥാനമുണ്ടെന്ന് ഇപ്പോൾ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ, സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന പല സന്ദേശങ്ങളും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അഭിപ്രായം പറയേണ്ടവരല്ല, ഇക്കാര്യത്തിൽ വാട്സ് ആപ്പ് വൈദ്യം പ്രചരിപ്പിക്കുന്നതെന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം.
കൊവിഡിനെന്ന് പറഞ്ഞൊരു ചികിത്സയില്ല. എന്നാൽ, കൊവിഡ് രോഗികളിൽ കാണുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ചികിത്സ ആവശ്യമാണ്. ഒരു കാരണവശാലും ഒരു ബുദ്ധിമുട്ട് മറ്റൊന്നിന് കാരണമാകാതെ സംരക്ഷിക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. തൊണ്ടവേദന, ജലദോഷം, ചുമ തുടങ്ങിയവ സാധാരണയായി വലിയ കുഴപ്പമില്ലാത്ത കാര്യങ്ങളാണെങ്കിലും കൊവിഡ് രോഗികളിൽ അങ്ങനെയല്ല. അതുകൊണ്ടുതന്നെ, അവ എത്രയും വേഗം ശമിക്കേണ്ടത് അത്യാവശ്യമാണ്.
അതുപോലെ, അത്തരം ബുദ്ധിമുട്ടുകളുണ്ടാക്കുന്ന കാരണങ്ങളിൽ നിന്ന് ഒഴിവായി നിൽക്കാൻ പരമാവധി ശ്രദ്ധിക്കുകയും വേണം.
പൊതുവെ വിറ്റാമിൻ സി അടങ്ങിയ സിട്രസ് ഫ്രൂട്ട്സ് വിഭാഗത്തിൽപ്പെട്ട നാരങ്ങ, ഓറഞ്ച്, മുന്തിരി, കിവി, പൈനാപ്പിൾ, മുസംബി, ഗ്രേപ്സ് എന്നിവ ഉപയോഗിക്കുന്നവർക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ജലദോഷം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകുകയും ചെയ്യും. എന്നാൽ, ജലദോഷം വന്നശേഷം ഒരാൾ ഇവയൊക്കെ കഴിക്കുമ്പോൾ കഫ സംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്. പാലും പാലുല്പന്നങ്ങളും മുട്ടയും മാംസവും എണ്ണയിൽ വറുത്തതും ഉപയോഗിക്കുന്നതിലൂടെ കഫ സംബന്ധമായ ബുദ്ധിമുട്ടുകൾ കൂടുകയാണ്ചെന്നുന്നത്.
തൈര് കഴിച്ചാൽ പ്രത്യേകിച്ച്, തണുപ്പിച്ച തൈര് രാത്രിയിൽ തുടർച്ചയായ ദിവസങ്ങളിൽ കഴിച്ചാൽ കഫരോഗങ്ങൾ വർദ്ധിക്കും. അലർജി രോഗങ്ങമുള്ളവരിൽ തുമ്മലും ജലദോഷവും ചുമയുമുള്ളപ്പോൾ പാലും തൈരുമൊക്കെ ഉപയോഗിച്ചാൽ കഫം വർദ്ധിച്ച് ശ്വാസംമുട്ടും ന്യുമോണിയയുമായി മാറാനുള്ള സാഹചര്യം ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഗ്യാസ് ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒരുകാരണവശാലും കഴിക്കരുത്.
രാവിലെ എഴുന്നേൽക്കുന്നതും പല്ല് തേയ്ക്കുന്നതും കുളിക്കുന്നതും ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ വരാതെയും മലബന്ധമുണ്ടാകാതെയും ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നതും ലഘു വ്യായാമങ്ങൾ ചെയ്യുന്നതും അദ്ധ്വാനിക്കുന്നതും മാനസികാരോഗ്യം സംരക്ഷിക്കുന്നതും ഉറങ്ങുന്നതുമെല്ലാം നന്നായി ചെയ്താൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അല്ലാത്ത പക്ഷം പ്രതിരോധ ശേഷികുറഞ്ഞ് ശരീരബലം നഷ്ടപ്പെടും. അതുകൊണ്ടുതന്നെ, ഭക്ഷണത്തിനൊപ്പം പ്രാധാന്യം ഇവയ്ക്കെല്ലാം ഉണ്ടെന്നു കൂടി മനസ്സിലാക്കണം.
ഇഞ്ചികൊണ്ടുള്ള വിവിധ ഉപയോഗങ്ങൾ കഫത്തെ ശമിപ്പിക്കും. ചൂടാക്കിയ പാലിലോ നെയ്യിലോ ചേർത്ത് മഞ്ഞൾപ്പൊടി കഴിക്കാം. ജീരകവും അയമോദകവും ദഹനത്തെ മെച്ചപ്പെടുത്തും. കവിൾ കൊള്ളുന്നതും മൂക്കിൽ മരുന്നിറ്റിക്കുന്നതും നല്ല ഫലം ചെയ്യും.
തണുപ്പിച്ചവയേക്കാൾ ചൂടുള്ളവയ്ക്ക് കഫരോഗങ്ങൾ കുറയ്ക്കുന്നതിന് സാധിക്കും. അപ്പർ ലോവർ ശ്വാസകോശ പ്രദേശത്തെ ബാധിക്കുന്ന രോഗങ്ങളെയാണ് കഫ രോഗങ്ങൾ എന്നറിയപ്പെടുന്നത്. അതുകൊണ്ടാണ് ഇത്തരം ശ്രദ്ധ കൊവിഡ് ബാധിതരിൽ അനിവാര്യമാകുന്നത്.
എന്നാൽ, അമിത പ്രാധാന്യം നൽകി പ്രചരിക്കുന്ന ചില സന്ദേശങ്ങൾ വിശ്വസിച്ച് ആവശ്യത്തിലധികം കഴിച്ചത് കാരണം ചില അസുഖങ്ങൾ വർദ്ധിച്ച് ഡോക്ടറെ കാണാനെത്തുന്നവരും ഇപ്പോൾ കുറവല്ല.
ഇല്ലാത്ത അസുഖങ്ങൾ വരുത്തി വയ്ക്കാൻ ശ്രമിക്കരുത്. അടിയന്തരവും കൃത്യവുമായ ചികിത്സ ലഭിക്കുന്നതിന് പ്രയാസം നേരിടുന്ന സന്ദർഭമാണ് ഇപ്പോഴുള്ളത്. കൊവിഡ് കാലത്തെ ശരിയായ ഭക്ഷണ കാര്യങ്ങൾ മനസിലാക്കാൻ അടുത്തുള്ള ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടറെ ഫോണിൽ വിളിച്ച് അന്വേഷിക്കുകയാണ് ഇപ്പോൾ വേണ്ടത്.
കൊവിഡാനന്തര
മാനസികാരോഗ്യം
കൊവിഡ് കാരണം നഷ്ടമായ കൃത്യനിഷ്ഠ തിരികെ പിടിക്കേണ്ടത് അത്യാവശ്യമാണ്. ഉണരുന്നതിനും ഉറങ്ങുന്നതിനും കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം കൃത്യനിഷ്ഠയുണ്ടായിരിക്കണം. നല്ല ഭക്ഷണവും വിവിധങ്ങളായ ഭക്ഷണവും ശരീരബലവും ദഹനവും അറിഞ്ഞ് ഉപയോഗിക്കണം.
വ്യായാമം ലഭിക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ മാനസികോല്ലാസം കൂടി ലഭിക്കുന്ന രീതിയിൽ അവ ആസ്വദിക്കണം. വ്യായാമത്തിനായി നടക്കുകയോ ഓടുകയോ യോഗ ചെയ്യുകയോ ഒക്കെ ആകാം. ബന്ധുജനങ്ങളും കൂട്ടുകാരുമായി സന്തോഷം പങ്കിടുവാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. കൊവിഡ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗ്ഗങ്ങളുമുപയോഗിച്ച് സമ്പർക്കം പരിമിതപ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.
വിലക്കുകൾ ശല്യമായി കാണാതെ അവ പാലിക്കുന്നത്കൊണ്ടുണ്ടാകാവുന്ന നന്മയ്ക്കും ആരോഗ്യത്തിനും വില കല്പിക്കണം. എന്റെ മാത്രം കാര്യമെന്ന നിലയിൽ ചിന്തിക്കാതെ ഞാൻ കാരണം ആർക്കുമൊരു ബുദ്ധിമുട്ടുണ്ടാകരുതെന്ന രീതിയിൽ പെരുമാറണം.
മാനസിക വിഷമങ്ങൾ ഏറ്റവും അടുപ്പമുള്ളവരോട് തുറന്നുപറയുക. മാനസിക ബുദ്ധിമുട്ടുണ്ടെന്ന് സ്വയം മനസിലാക്കാൻ സാധിക്കുന്നവർക്ക് അവ ഒഴിവാക്കുവാനും എളുപ്പത്തിൽ സാദ്ധ്യമാണ്.
എല്ലാ മാനസിക ബുദ്ധിമുട്ടുകൾക്കും മരുന്ന് തന്നെ ശരണമെന്ന് വിചാരിക്കരുത്. മരുന്ന് അത്യാവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രമേ അത് പാടുള്ളൂ. സ്വയം ചികിത്സ ഒരിക്കലും പാടില്ല. മനോവിഷമം തോന്നുന്നവർ മനസ്സിനെക്കുറിച്ചറിവുള്ള വിദഗ്ദ്ധരിൽ നിന്ന് മാത്രമേ ഉപദേശം തേടാവൂ.അല്പജ്ഞാനികൾ നൽകുന്ന ഉപദേശം ചിലപ്പോൾ അത്യാപത്ത് തന്നെ വരുത്തിയേക്കാം. കോവിഡ് ബാധിച്ച് നെഗറ്റീവായവർക്ക് സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന പുനർജ്ജനി പദ്ധതിയും ഉപയോഗപ്പെടുത്താവുന്നതാണ്. മനസ്സ്, പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ, പഞ്ചകർമ്മേന്ദ്രിയങ്ങൾ, അവയുടെ കർമ്മങ്ങൾ,അവയ്ക്ക് മനസ്സുമായുള്ള ബന്ധം, അതിൽ മനസ്സിന്റെ സ്ഥാനം എന്നിവ സംബന്ധിച്ച് ആയുർവേദ ഗ്രന്ഥങ്ങളിൽ കൃത്യമായ പ്രതിപാദ്യങ്ങളുണ്ട്. മാനസിക രോഗ ചികിത്സയിൽ ആയുർവേദ സ്പെഷ്യലിസ്റ്റുകളുടെ സേവനവും ഉപയോഗപ്പെടുത്താം.ശാരീരികാരോഗ്യം മെച്ചമായിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. അത്തരം ആൾക്കാർക്ക് നല്ലൊരു മാനസികാരോഗ്യം നിലനിർത്താൻ സാധിക്കും.
നഷ്ടപ്പെട്ടുപോയ ജോലി, സമ്പത്,ത് വേണ്ടപ്പെട്ടവർ എന്നിവ പ്രാധാന്യമുള്ളവതന്നെ. എന്നാൽ അതിനേക്കാൾ പ്രാധാന്യം വീണ്ടും ജോലി കണ്ടെത്തുന്നതിനും സമ്പത്ത് നേടുന്നതിനും ജീവിച്ചിരിക്കുന്നവർക്ക് നന്മയുണ്ടാക്കുന്നതിനുമുള്ള പ്രവൃത്തികൾക്ക് നൽകുക.ചിന്തകളെ കയറൂരി വിടാതെ ആരോഗ്യത്തോടെയും സമാധാനത്തോടെയുമുള്ള പ്രവൃത്തികൾക്ക് പ്രാധാന്യം നൽകുക.