vellakett

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ പുകയിലത്തോപ്പ് റോഡിൽ തടസ്സം സൃഷ്ടിച്ചിരുന്ന ഇലക്ട്രീക് പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള തുക അനുവദിച്ചു. ഇതോടെ ഏറെ നാളായി റോഡിലെ റീടാറിംഗിൽ നിലനിന്നിരുന്ന തടസ്സം നീങ്ങി. പുകയിലത്തോപ്പ് 18ാം മൈൽ റോഡിന്റെ റീടാറിംഗ് ജോലിക്കായി കഴിഞ്ഞ സാമ്പത്തിക വ‌‌‌ർഷം 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്നത്തെ ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന അഡ്വ. ആ‌‌‌ർ. ശ്രീകണ്ഠൻനായരുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്. പുകയിലത്തോപ്പ് ജംഗ്ഷന് സമീപം റോഡിൽ മഴവെള്ളം കെട്ടിനിന്ന് റോഡിന്റെ പല ഭാഗവും കുണ്ടും കുഴിയുമായിരുന്നു. മഴവെള്ളം ഒഴികിപ്പോകാൻ ഓടയില്ലാത്തതാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം. കാൽനടപോലും സാധ്യമല്ലാത്ത ഈ റോഡിന് മോചനം ലഭിക്കാനാണ് ഓടനിർമ്മിച്ച് റോഡ് റീടാറ് ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചത്. എന്നാൽ ഓട നിർമ്മിക്കേണ്ട റോഡിന്റെ വശത്ത് സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബിയുടെ 8 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കണ്ടത് ആവശ്യമാണ്. എന്നാൽ ഇതിന് ചെലവാകുന്ന തുക ജില്ലാപഞ്ചായത്ത് അനുവദിച്ച തുകയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതുകാരണം പണി ഇതുവരെ നീണ്ടത്. എന്നാലിപ്പോൾ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാൻ 68,​300 രൂപ അനുവദിച്ചതോടെ തടസവും നീങ്ങി.

കഴിഞ്ഞവ‌ർഷം ജില്ലാപഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീകണ്ഠൻനായർ ഇപ്പോൾ കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. തുടർന്ന് അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാൻ ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയിൽ തുക വകയിരുത്തുകയും അതിന് ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകുകയും ചെയ്തത്. ഇതോടെ പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് റോഡുകൾ റീ ടാറ് ചെയ്ത് ഗതാഗത യോഗ്യമാക്കി മാറ്റാൻ കഴിയും.