accident

കല്ലമ്പലം: ദേശീയപാതയിൽ ചാത്തമ്പാറ മുതൽ കടമ്പാട്ടുകോണം വരെ കഴിഞ്ഞ കുറച്ചുനാളുകളായി അപകടങ്ങൾ പതിവാണ്. അപകടങ്ങളും അപകട മരണങ്ങളും പതിവായതോടെ സമീപത്തുള്ളവർ അപകടങ്ങൾ നിയന്ത്രിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് പല തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി മാത്രമില്ല. കഴിഞ്ഞ ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും മിനിലോറിയും കൂട്ടിയിടിച്ച് മിനി ലോറിയിലെ ഡ്രൈവർ ആലപ്പുഴ സ്വദേശി മുനീർ മരിച്ചതും ബസിലെ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്നേ ദിവസം തന്നെ നാവായിക്കുളത്തും കെ.എസ് ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കുഴിയിൽ വീണ് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.

തുടർച്ചയായി വെള്ള വരകൾ രേഖപ്പെടുത്തിയിട്ടുള്ള ഈ ഭാഗങ്ങളിൽ മറ്റു വാഹനങ്ങളെ ഒരു കാരണവശാലും മറികടക്കാൻ പാടില്ല. എന്നാൽ, ഇവിടെ നടന്നിട്ടുള്ള മിക്ക അപകടങ്ങളും ഓവർടേക്കിംഗിലൂടെയാണ് സംഭവിച്ചിരിക്കുന്നത്. വിവിധ അപകടങ്ങളിലായി ഈ വർഷം ഇതുവരെ മരിച്ചത് പത്തോളം പേരാണ്. 12ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുരുന്നു. സ്ഥിരം അപകട മേഖലയായ തോട്ടയ്ക്കാട്, കടമ്പാട്ടുകോണം മേഖലകൾ വർഷങ്ങൾക്ക് മുമ്പേ ഹൈ റിസ്ക്‌ സ്പോട്ട് ഏരിയയായി മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതേസമയം, അപകടങ്ങൾ നടക്കുന്നതിൽ ഭൂരിഭാഗവും ചൊവ്വാഴ്ചകളിലാണ്. ഇത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

തുടരുന്ന അപകടങ്ങൾ

ഏപ്രിൽ 27 ചൊവ്വാഴ്ച ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡിനു കുറുകെ മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റിരുന്നു.

അന്നുതന്നെ കാറുകൾ കൂട്ടിയിടിച്ചും ഓട്ടോ മറിഞ്ഞും നാലുപേർക്ക് പരിക്കേറ്റു

മാർച്ച് 9 ചൊവ്വാഴ്ച പുലർച്ചെ കല്ലമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ജനുവരി 26 ചൊവ്വാഴ്ച തോട്ടയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് കല്ലുവാതുക്കൽ സ്വദേശികളും സുഹൃത്തുക്കളുമായ അഞ്ച് യുവാക്കൾ മരിച്ചിരുന്നു

ജനുവരി 5 ചൊവ്വാഴ്ചയാണ് നാവായിക്കുളത്ത് കാൽനട യാത്രികരൻ ബൈക്കിടിച്ച് മരിച്ചിരുന്നു.