പാലോട്: ഗ്രാമീണമേഖലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കഠിനമാക്കിയിട്ടും നിയമലംഘനങ്ങൾ പതിവായകുന്നു. ഇവരെ താക്കീത് നൽകി തിരിച്ചുവിടാൻ ശ്രമിച്ചാലും നിയമലംഘനങ്ങളുടെ എണ്ണത്തിൽ കുറവില്ലെന്ന് പൊലീസുകാർ പറയുന്നു.
കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയിട്ടും നിരുത്തരവാദിത്വപരമായ സമീപനമാണ് പലർക്കും. തിരുവനന്തപുരത്തു നിന്നും പാലോടേക്ക് വന്ന ബൈക്ക് യാത്രികരോട് ആവശ്യം തിരക്കിയ പൊലീസിന് മറുപടികേട്ട് ഞെട്ടി. കുളിക്കാൻ വന്നു എന്നായിരുന്നു മറുപടി. രണ്ടായിരം രൂപ പിഴ ഈടാക്കി താക്കീത് നൽകി വിട്ടയച്ചു. തൊളിക്കോട് സ്വദേശി നൽകിയ സത്യവാങ്മൂലം ബന്ധുവിന്റെ മരണത്തിനു പോകുന്നു എന്നായിരുന്നു. തിരികെ വരുമ്പോൾ അതേ വ്യക്തികളുടെ സത്യവാങ്മൂലം വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നു എന്നായി. ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കൊവിഡ് വാക്സിൻ എടുക്കാനെത്തുന്നവരുടെ തിരക്ക് പാലോട് സർക്കാർ ആശുപത്രിയിൽ നിയന്ത്രണാതീതമാണ്. ഒരു ദിവസം വക്സിൻ എടുക്കാൻ എത്തുന്നവരുടെ എണ്ണം ആയിരം കഴിയുമ്പോഴും വാക്സിൻ നൽകാൻ കഴിയുന്നവരുടെ എണ്ണം 160 ഓളമാണ്. പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ് കാര്യങ്ങൾ നിയന്ത്രിക്കപ്പെടുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരേയും സർക്കാർ നിർദ്ദേശം പാലിക്കാത്തവർക്കെതിരേയും കനത്ത പിഴയും കേസും രജിസ്റ്റർ ചെയ്യാനാണ് നിലവിലെ തീരുമാനം. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ബാരിക്കേഡുകൾ വച്ച് അടച്ച് സുരക്ഷ കൂട്ടി. നന്ദിയോട്, പേരയം, മടത്തറ, ജവഹർ കോളനി, ഇടിഞ്ഞാർ, പെരിങ്ങമ്മല ,കാലൻ കാവ് എന്നിവിടങ്ങളിൽ കർശന പരിരോധനക്ക് ശേഷമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. ആദിവാസി വിഭാഗങ്ങൾ കൂടുതലായി താമസി ക്കുന്ന നന്ദിയോട് പഞ്ചായത്തിലെ നാഗര, പ്രാമല, കരിമ്പിൻ കാല, ആലുങ്കുഴി, പേരയം, നീർപ്പാറ, പച്ചമല എന്നിവിടങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ താന്നിമൂട്, വെട്ടിക്കാട്, കൊന്നമൂട്, മുത്തിക്കാണി, വെങ്കിട്ട മൂട്, ഞാറ നീലി, ഇലഞ്ചിയം, അലുമ്മൂട്, എന്നിവിടങ്ങളിൽ പൊലീസിനോടൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. ബിവറേജ് ഔട്ട് ലറ്റുകൾ അടച്ചതോടെ വ്യാജമദ്യം നിർമ്മിക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ എക്സൈസ് റെയ്ഡ് കർശനമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി ഉറപ്പു വരുത്തുമെന്ന് പാലോട് സി.ഐ.സി.കെ. മനോജ് അറിയിച്ചു.
ലോക് ഡൗൺ പശ്ചാത്തലത്തിൽ ഫയർഫോഴ്സിന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ പാലോട് പൊലീസിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്
ഫയർഫോഴ്സ് ഫോൺ: 047 22857101
പാലോട് പൊലീസ് ഫോൺ: 04722840 260