തിരുവനന്തപുരം: കൊവിഡ് ബാധിച്ചും മറ്റ് കാരണങ്ങളാലുമുള്ള മരണങ്ങൾ കൂടിയതോടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ശാന്തികവാടത്തിൽ പുതിയ ക്രമീകരണം നഗരസഭ ഏർപ്പെടുത്തി. തൈക്കാട് ശാന്തികവാടത്തിൽ കൊവിഡ് മൃതദേഹങ്ങൾ മാത്രം സംസ്‌കരിക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഇന്നലെ 24 മൃതദേഹങ്ങൾ സംസ്‌കരിച്ചു. മറ്റുള്ളവ മുട്ടത്തറയിലെ എസ്.എൻ.ഡി.പി ശാഖയുടെ ശ്‌മശാനത്തിലാണ് സംസ്കരിച്ചത്. ഇതനുസരിച്ച് ഇന്നലെ എത്തിച്ച മൂന്ന് മൃതദേഹങ്ങൾ മുട്ടത്തറയിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഇനി മുതൽ കൊവിഡിതര കാരണങ്ങളാൽ മരിക്കുന്നവരെ മുട്ടത്തറയിലാകും സംസ്കരിക്കുക.
ശാന്തികവാടത്തിലെ രണ്ട് ഗ്യാസ് ഫർണസുകൾ, നാല് വിറക് ചിതകൾ, രണ്ട് ഇലക്ട്രിക് ഫർണസുകൾ എന്നിവയിൽ പൂർണമായും കൊവിഡ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തീരുമാനിച്ചതോടെ കഴിഞ്ഞ ദിവസംവരെ സംസ്‌കാരത്തിനുണ്ടായിരുന്ന കാലതാമസം പൂർണമായും നീങ്ങി. കഴക്കൂട്ടം കാട്ടുകുളത്ത് പുതുതായി പണിയുന്ന ഗ്യാസ് ശ്‌മശാനത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാൻ കഴിഞ്ഞദിവസം യോഗം ചേർന്നു. ഫർണസ് സ്ഥാപിക്കുന്ന ജോലിയാണ് ശേഷിക്കുന്നതെങ്കിലും പൂർത്തിയാക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. എന്നാലും യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കാൻ ശ്രമം നടക്കുകയാണെന്നും മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് നിലവിൽ പ്രതിസന്ധിയില്ലെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.