anandraj

തിരുവനന്തപുരം: വഞ്ചിയൂരിൽ മൊബൈൽ റീചാർജ്ജ് ചെയ്യുന്ന കടയുടെ വാതിൽ കുത്തിപ്പൊളിച്ച് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട് കല്ലടിക്കുറിശ്ശി സ്വദേശി ആനന്ദ് രാജിനെയാണ് (35) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് രാത്രി വഞ്ചിയൂർ സ്വദേശി ശ്രീകുമാരൻ നായരുടെ സൻവീൻ എന്ന കടയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് കയറിയ പ്രതി മൂന്ന് മൊബൈൽ ഫോണുകളും, 6500 രൂപയും, വില്പനയ്ക്കായി വച്ചിരുന്ന മാസ്‌കുകളും മോഷ്ടിച്ചു. ഇന്നലെ തമ്പാനൂർ റയിൽവേസ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ പ്രജീഷ് കുമാർ, മനോജ്, ജസ്റ്റിൻ മോസസ്, എ.എസ്.ഐ സുരേഷ്, സി.പി.ഒ മാരായ ജിജോ, ശ്രീകാന്ത്, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.