തിരുവനന്തപുരം: ഇന്നലെ വൈകിട്ട് അപ്രതീക്ഷമായി പെയ്‌ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടായി. ഇന്ന് ലോക്ക് ഡൗൺ ആരംഭിക്കുന്നതിനാൽ സാധനങ്ങൾ വാങ്ങാനെത്തിയവരെയും മഴ ചതിച്ചു.

കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രികരും ബുദ്ധിമുട്ടി. പേട്ട, ചാക്ക, ഊറ്റുകുഴി ജംഗ്ഷൻ, തമ്പാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വെള്ളക്കെട്ട് രൂക്ഷമായതോടെ തമ്പാനൂരിലും പരിസര പ്രദേശങ്ങളിലും ഗതാഗതം ചെറിയ തോതിൽ തടസപ്പെട്ടു. മൺസൂൺ ശക്തിപ്പെടുന്നതിന്റെ ഭാഗമായുള്ള മഴയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴയ്ക്ക് സാദ്ധ്യത

ഇന്നും നാളെയും ജില്ലയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. നഗര പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. വൈകിട്ട് ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.