തിരുവനന്തപുരം: ജില്ലയിലെ സാമുദായിക സംഘടനകളുടെ കീഴിലുള്ള ശ്‌മശാനങ്ങൾ, സെമിത്തേരികൾ, കബറിടങ്ങൾ എന്നിവിടങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സബ് കളക്ടർ ഇക്കാര്യം ഉന്നയിച്ചത്.
ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ നേരത്തെ കരുതിവയ്‌ക്കണം. അധികം ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടാം. ആവശ്യമെങ്കിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ ശ്‌മശാനങ്ങൾ പ്രവർത്തിപ്പിക്കണം. എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും സബ് കളക്ടർ ആവശ്യപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാറും യോഗത്തിൽ പങ്കെടുത്തു.