തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്‌ക്കെത്തിക്കുന്ന വാക്‌സിനുൾപ്പെടെയുള്ള മരുന്നുകൾ വാഹനങ്ങളിൽ നിന്ന് പ്രതിഫലം വാങ്ങാതെ ഇറക്കി നൽകുമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളുടെ വെയർ ഹൗസുകളിലെത്തുന്ന കൊവിഡ് ചികിത്സക്കുള്ള മരുന്നുകളാണ് ഇറക്കുന്നത്. കൊവിഡിന്റെ ആദ്യ വ്യാപന കാലത്തും കയറ്റിറക്ക് തൊഴിലാളികൾ സൗജന്യമായിട്ടാണ് മരുന്നുകളിറക്കിയത്. വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന നൽകാനും സി.ഐ.ടി.യു ആഹ്വാനം നൽകിയിട്ടുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.