mullappally-ramachandran

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ തന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടുന്നതിനെതിരെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വികാരാധീനനായി. തോൽവിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് പുറമെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഏറ്റെടുത്തു.

തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പാർട്ടി അദ്ധ്യക്ഷനെന്ന നിലയിൽ താനാരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് പറഞ്ഞാണ് മുല്ലപ്പള്ളി തുടങ്ങിയത്. പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കിയ ഹൈക്കമാൻഡിനെ കുറ്റപ്പെടുത്തുന്നത് നീതിയുക്തമല്ല. പാർട്ടിയുടെ കസ്റ്റോഡിയനായി പ്രവർത്തിച്ച തനിക്ക് പൂർണ്ണ ഉത്തരവാദിത്വമുണ്ട്. എന്നാൽ ഉത്തരവാദി താൻ മാത്രമാണോ? പരാജയമാകെ തന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നു. യൂത്ത് കോൺഗ്രസുകാരെന്ന പേരിൽ സംഘടനയിലില്ലാത്ത ചില കടകളിലെയും മറ്റും ജീവനക്കാർ കെ.പി.സി.സി ആസ്ഥാനത്ത് വന്ന് പ്രതിഷേധിച്ചത് അങ്ങനെയാണ്. വഴിയേ പോകുന്ന ആർക്കും കയറി എന്തും കാണിക്കാവുന്ന സ്ഥലമായി കെ.പി.സി.സി ആസ്ഥാനം മാറുന്നു. .

സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത് ഞാൻ മാത്രമാണോ? തന്ത്രങ്ങളൊരുക്കിയത് താൻ മാത്രമായിരുന്നോ? പറയേണ്ടതൊക്കെ ചൂണ്ടിക്കാട്ടിയില്ലേ? രാഷ്ട്രീയകാര്യ സമിതിക്കും തിരഞ്ഞെടുപ്പ് സമിതിക്കുമെല്ലാം ഉത്തരവാദിത്വമില്ലേ. ആ സമിതിയിൽ ഞാനൊരംഗം മാത്രമല്ലേ. സ്ഥാനമേറ്റെടുത്തപ്പോൾ തൊട്ട് താൻ പൂർണ്ണമായ വിട്ടുവീഴ്ച ചെയ്തു. പാർട്ടിയിലൊരു ചേരിയുണ്ടാക്കാൻ നോക്കിയിട്ടില്ല. സമവായത്തിന്റെ പാത തേടിയപ്പോൾ പാർട്ടി പുന:സംഘടനയുടെ പേരിൽ ഒന്നരവർഷം നഷ്ടപ്പെട്ടു. കമ്മിറ്റിയുടെ വലിപ്പം പരമാവധി കുറയ്ക്കാൻ ശ്രമിച്ചപ്പോൾ ഗ്രൂപ്പുകൾ ഭാരവാഹികളെ കുത്തിക്കയറ്റാനാണ് നോക്കിയത്. താനതിൽ നിസ്സഹായനായി. എന്റെ ബൂത്ത്, എന്റെ അഭിമാനം പദ്ധതി ഫലപ്രദമാക്കാത്തതിന് ഞാനാണോ ഉത്തരവാദി? ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിച്ചിട്ടില്ല. ഒന്നിൽ നിന്നും ഒളിച്ചോടിയിട്ടുമില്ല. വിമർശനങ്ങളെ സത്യസന്ധമായി ഉൾക്കൊണ്ടിട്ടുണ്ട്. പ്രവർത്തകരിലൊരാളായാണ് പ്രവർത്തിക്കുന്നത്. പാർട്ടിയെനിക്ക് സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാർട്ടിക്കായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെപ്പോലെയാണിപ്പോഴും പ്രവർത്തിച്ചത്. ഈ തിരഞ്ഞെടുപ്പിൽ സി.പി.എം- ബി.ജെ.പി വോട്ട് കച്ചവടവും യു.ഡി.എഫ് വിരുദ്ധത ആളിക്കത്തിച്ചതും കോടികൾ മുടക്കിയുള്ള പി.ആർ വർക്കുകളും പെൻഷനും കിറ്റുമെല്ലാം പ്രതിഫലിച്ചിട്ടുണ്ട്. അറുപതോളം സീറ്റുകളിൽ സി.പി.എം- ബി.ജെ.പി ധാരണയുണ്ടാക്കി. മഞ്ചേശ്വരത്ത് സി.പി.എം വോട്ട് കുറയുമെന്ന് താൻ ചൂണ്ടിക്കാട്ടിയത് ശരിയായില്ലേ- മുല്ലപ്പള്ളി ചോദിച്ചു.

തനിക്കും പരാജയത്തിൽ പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവും പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനമെന്തായാലും അംഗീകരിക്കുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. പ്രചരണമേൽനോട്ട സമിതിയുടെ അദ്ധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദിത്വം തനിക്കാണെന്ന് ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. കണ്ണൂരിലെ തോൽവിക്കുത്തരവാദിത്വം തനിക്കുണ്ടെന്ന് പറഞ്ഞ കെ.സുധാകരൻ , സംഘടനയിൽ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെട്ടു.