മലയിൻകീഴ്: അച്ഛനമ്മമാരുടെ മുന്നിൽ വച്ച് പതിനേഴുകാരനെ പൊലീസ് മർദ്ദിക്കുന്നതുകണ്ട് പിതാവ് കുഴഞ്ഞുവീണു. മാറനല്ലൂർ പൊലീസ് സ്റ്രേഷനിൽ ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം. പ്ളസ്ടു വിദ്യാർത്ഥിയായ അരുമാളൂർ നാവക്കോട്‌വിള വീട്ടിൽ ഷാജി ഹുസൈനിന്റെ മകൻ മുഹമ്മദ് റാഷിദിനാണ് മർദ്ദനമേറ്റതായി പറയുന്നത്. ബന്ധുവിന്റെ പരാതിയെ തുടർന്ന് ഷാജി ഹുസൈനും ഭാര്യ ഷീബയും മകനുമൊത്താണ് പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരങ്ങൾ ചോദിച്ച ശേഷം എസ്.ഐ പുറത്തേക്കുപോയ ഉടനെ സ്റ്റേഷനിൽ മഫ്‌തിയിലുണ്ടായിരുന്ന പൊലീസുകാരൻ മുഹമ്മദ് റാഷിദിന്റെ ഇടത് നെഞ്ചിൽ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് ഷാജി ഹുസൈൻ കുഴഞ്ഞ് വീണു. പൊലീസ് ഇയാളെ മാറനല്ലൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മർദ്ദിച്ച പൊലീസുകാരൻ മുഹമ്മദ് റാഷിദിന്റെ പ്രായം ചോദിച്ച ശേഷം പരാതി നൽകിയാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി റാഷിദിന്റെ മാതാവ് പറഞ്ഞു. സംഭവത്തെ തുടർന്ന് ചൈൽഡ് വെൽഫെയറിൽ നിന്നെത്തിവർ മുഹമ്മദ് റാഷിദിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കാട്ടാക്കട ഡിവൈ.എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവം മാറനല്ലൂർ പൊലീസ് നിഷേധിച്ചു.