hy

@ആന്ധ്രയിൽ നിന്ന് കാറിൽ കൊണ്ടുവന്നത് 405 കിലോ കഞ്ചാവ്

തിരുവനന്തപുരം:രണ്ട് കോടി രൂപ വിലമതിക്കുന്ന 405 കിലോ കഞ്ചാവ് ആന്ധ്രയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടു വന്ന തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവാക്കളെ ഇന്നലെ കാട്ടാക്കടയിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. തിരുമല സ്വദേശി ഹരികൃഷ്ണൻ (27), വള്ളക്കടവ് സ്വദേശി അഷ്‌കർ (21) എന്നിവരാണ് അന്തിയൂർക്കോണം മുക്കംപാലമൂട്ടിൽ വച്ച് പിടിയിലായത്.

KL 45 -C 6408 നമ്പരുള്ള ടാറ്റ സുമോ കാറിൽ നിരവധി ചാക്കുകളിൽ കെട്ടിയും സീറ്റുകളിൽ നിർമ്മിച്ച അറകളിലുമായാണ് കഞ്ചാവ് വച്ചിരുന്നത്. കാറും കസ്റ്റഡിയിൽ എടുത്തു.

തിരുവനന്തപുരം ജില്ലയിൽ അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്.

ആന്ധ്രയിലെ രാജമുന്ദ്രിയിൽ നിന്ന് ശേഖരിച്ച കഞ്ചാവുമായി ഇവർ ആദ്യം ചെന്നൈയിലെത്തി. അവിടെ വച്ച് കാർ രണ്ട് ലോറികളിൽ ഇടിച്ചു. എന്നിട്ടും കാർ നിർത്താതെ ഓടിച്ച് തിരുനൽവേലി വഴി നാഗർകോവിലിൽ എത്തി. പരിശോധന കുറവുള്ള ചെക്ക്പോസ്റ്റ് കടന്ന് കാട്ടാക്കട വഴി വരുമ്പോഴാണ് കുടുങ്ങിയത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കാത്തുനിന്ന എക്സൈസ് സംഘം വാഹനം കുറുക്കിട്ട് തടഞ്ഞാണ് ഇവരെ പിടിച്ചതെന്ന് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാർ അറിയിച്ചു.

പിടിച്ചെടുത്ത കഞ്ചാവിന്,​ കിലോയ്‌ക്ക് 50,000 രൂപ കണക്കിൽ രണ്ട് കോടി രൂപയിലധികം വിലയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവാക്കൾ കഞ്ചാവ് കടത്തുന്ന സ്ഥിരം കാരിയർമാരാണ്. രണ്ട് ലക്ഷം രൂപ പ്രതിഫലത്തിനാണ് കഞ്ചാവ് കടത്തിയത്.

കഞ്ചാവും കാറും ശ്രീകാര്യത്ത് എത്തിക്കുകയായിരുന്നു ദൗത്യമെന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. ഇവരുടെ പിന്നിലെ ലഹരി മാഫിയെപ്പറ്റി എക്സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. യുവാക്കളെ കൂടുതൽ ചെദ്യം ചെ്‌തു വരികയാണ്.

കണ്ണികൾ സെൻട്രൽ ജയിലിലും ?​

വൻ കഞ്ചാവ് വേട്ടയ്ക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ചിലർ ഇതിന്റെ കണ്ണികളാണെന്നും മാസങ്ങൾക്ക് മുമ്പ് ബാലരാമപുരത്ത് 205 കിലോ കഞ്ചാവ് കടത്തി പിടിയിലായ സംഘമാണ് ഇതിനും പിന്നലെന്നും എക്സൈസ് വ്യക്തമാക്കി.

സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ കെ. വി. വിനോദ്, ടി. ആർ. മുകേഷ്‌കുമാർ, ആർ. ജി. രാജേഷ്‌, എസ്. മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ ടി. ഹരികുമാർ, രാജ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, ഷംനാദ്, രാജേഷ്‌, ജിതിഷ്, ശ്രീലാൽ, ബിജു, മുഹമ്മദ്‌ അലി, അനീഷ്,അരുൺ ,രാജീവ്‌ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.