ബാലരാമപുരം: ബാലരാമപുരത്ത് യുവാവിനെ ബന്ധുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. നെല്ലിവിള ചിറത്തലവിളാകം എസ്.സി നിവാസിൽ സുജിത്തി(30)​നാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. ബന്ധുക്കൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന അതിരു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുജിത്തിനെ ആയുധങ്ങളുമായി ബന്ധുവായ ഷാജിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വീടുകയറി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. താടിയെല്ലിനും ദേഹത്തും ഗുരുതര പരിക്കേറ്റ സുജിത്ത് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭാര്യ ചിത്രു നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടി സുജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഭർത്താവിനെ ഭീഷണിയുണ്ടെന്ന് ചിത്രു നിരവധി തവണ പൊലീസിൽ പരാതി അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ചിത്രുവിൽ നിന്നും മൊഴി രേഖപ്പെടുത്തി ബാലരാമപുരം പൊലീസ് അന്വേഷണമാരംഭിച്ചു.