തിരുവനന്തപുരം: ലോക്ക് ഡൗണിൽ ജില്ല വിട്ടുള്ള യാത്രകൾക്ക് കർശന നിയന്ത്രണം. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധനയുണ്ടാകും. പ്രത്യേക പാസ് ഇല്ല. കഴിഞ്ഞ വർഷത്തെ പാസിന്റെ മാതൃക സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കും.
വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയായ ഉറ്റബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ തുടങ്ങി അത്യാവശ്യങ്ങൾക്കേ അന്തർജില്ലാ യാത്ര അനുവദിക്കൂ. ഈ യാത്രയിൽ പേരുവിവരങ്ങളും യാത്രോദ്ദേശ്യവും ഉൾപ്പെടുത്തിയ സത്യവാങ്മൂലം കരുതണം. മരണാനന്തര ചടങ്ങുകൾ, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാർമ്മികത്വം വഹിക്കുന്ന പുരോഹിതർക്ക് ജില്ല വിട്ടുള്ള യാത്രയ്‌ക്ക് നിയന്ത്രണമില്ല. ഇതിന് സത്യവാങ്മൂലം മതി.