oxygen

തലസ്ഥാനത്തെ പുതിയ ഓക്‌സിജൻ പ്ലാൻറ് ഇന്ന് കമ്മിഷൻ ചെയ്യും

തിരുവനന്തപുരം:സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ഓരോ മണിക്കൂറിലും വിവരം അറിയാനുള്ള വാർ റൂം സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരത്ത് പുതുതായി നിർമ്മിച്ച ഓക്‌സിജൻ പ്ലാൻറ് ഇന്ന് കമ്മിഷൻ ചെയ്യും. 6,008 ബൾക്ക് ഓക്‌സിജൻ സിലിണ്ടറും 21,888 ബി ടൈപ്പ് സിലിണ്ടറും സ്റ്റോക്കുണ്ട്. ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ടാങ്കിന്റെ ശേഷി 119.7 ടണ്ണാണ്. ശരാശരി ഉപയോഗം 111.49 ടൺ മാത്രമായിരിക്കെ സംസ്ഥാനത്ത് നിലവിൽ 220.09 ടൺ ഓക്‌സിജൻ സ്റ്റോക്കുണ്ട്.

എട്ട് സർക്കാർ മെഡിക്കൽ കോളേജുകളിലും ലിക്വിഡ് ഓക്‌സിജൻ സംഭരണ സൗകര്യമുണ്ട്. പുനലൂർ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, എറണാകുളം, കോട്ടയം തൃശൂർ, മെഡിക്കൽ കോളേജ് തുടങ്ങിയ ഇടങ്ങളിൽ ഓക്‌സിജൻ ഉൽപ്പാദനം ആരംഭിച്ചു. ഒൻപത് ഓക്സിജൻ യൂണിറ്റുകൾക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട് 38 യൂണിറ്റുകൾക്ക് അംഗീകാരം നേടാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.