നെടുമങ്ങാട്: താലൂക്കിലെ മലയോര മേഖലയിൽ കൊവിഡ് അതിതീവ്ര വ്യാപനത്തിന് നേരിയ ശമനം. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പോസിറ്റിവിറ്റി നിരക്ക് 27 ശതമാനത്തിൽ നിന്ന് 22 ലേയ്‌ക്ക് താഴ്ന്നതായാണ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ട്. അരുവിക്കര, കല്ലറ, പെരിങ്ങമ്മല പി.എച്ച്.സികളുടെ കീഴിൽ ഇന്നലെ 211 പേരിൽ നടത്തിയ സ്രവ പരിശോധനയിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. നെടുമങ്ങാട് നഗരസഭ ഒഴികെയുള്ള പ്രദേശങ്ങളിൽ 600 പേരിലാണ് പരിശോധന നടത്തിയത്. ഇതിൽ 55 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളനാട് പി.എച്ച്.സി- 24, ആര്യനാട് പി.എച്ച്.സി- 4, ഭരതന്നൂർ പി.എച്ച്.സി- 5, വാമനപുരം ബി.പി.എച്ച്.സി- 8, വെമ്പായം പി.എച്ച്.സി- 6, ഉഴമലയ്ക്കൽ പി.എച്ച്.സി- 3, വിതുര താലൂക്കാശുപത്രി - 2,
ആനാട് പി.എച്ച്.സി- 2, പാലോട് സി.എച്ച്.സി- 1 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ. അതേസമയം, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 25 ലേറെ കേസുകൾ ഇന്നലെയും സ്ഥിരീകരിച്ചു. കരകുളം പഞ്ചായത്ത് പരിധിയിലെ താമസക്കാരാണ് ഇവരിലേറെയും. ജില്ലാ ആശുപത്രി ഉൾപ്പടെ നഗരപരിധിയിൽ മൂന്നും ഗ്രാമീണ മേഖലയിൽ 11 ഉം വാക്സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കുമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ലോക്ക് ഡൗണിന്റെ ഭാഗമായി കൂടുതൽ പൊലീസുകാരെ നിരത്തുകളിൽ വിന്യസിച്ചതായി നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറും അറിയിച്ചു.