തിരുവനന്തപുരം: ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ടറേറ്റിൽ ആരംഭിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂം വഴുതക്കാട് വിമൻസ് കോളേജിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ഓക്സിജൻ സംഭരണശാല പ്രവർത്തിക്കുന്ന വിമൻസ് കോളേജ് ഓഡിറ്റോറിയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന വാർ റൂമിന്റെ ക്രമീകരണങ്ങൾ തിരുവനന്തപുരം തഹസിൽദാറിന്റെ നേതൃത്വത്തിൽ സജ്ജീകരിക്കും. ജില്ലാ ഫയർ ഓഫീസർ ഓക്സിജൻ സംഭരണശാലയുടെ സുരക്ഷാ സംവിധാനം നിരന്തരം വിലയിരുത്തും. ജില്ലയിലെ വിവിധ ആശുപത്രികളിലെ ഓക്സിജൻ ലഭ്യത നിരീക്ഷിച്ച് ആവശ്യമുള്ളിടത്ത് ഓക്സിജൻ എത്തിക്കുന്നതിനും ഓക്സിജൻ സംഭരിക്കുന്നതിനുമാണ് ഓക്സിജൻ വാർ റൂം.