തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളുടെ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ജില്ലയിൽ ഇൻസിഡന്റ് കമാൻഡർമാരെ നിയമിച്ചു. രണ്ട് സബ് കളക്ടർമാർ സബ് ഡിവിഷണൽ ഇൻസിഡന്റ് കമാൻഡർമാരും ആറു ഡെപ്യൂട്ടി കളക്ടർമാർ താലൂക്ക്തല ഇൻസിഡന്റ് കമാൻഡർമാരുമായിട്ടാകും പ്രവർത്തിക്കുക. തിരുവനന്തപുരം സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, നെടുമങ്ങാട് സബ് കളക്ടർ ചേതൻ കുമാർ മീണ എന്നിവരാണ് സബ് ഡിവിഷൻ തലത്തിലെ ഇൻസിഡന്റ് കമാൻഡർമാർ. ഡെപ്യൂട്ടി കളക്ടർമാരായ സുമീതൻ പിള്ള (തിരുവനന്തപുരം), ടി.ആർ. അഹമ്മദ് കബീർ (നെടുമങ്ങാട്), റോയ് കുമാർ (ചിറയിൻകീഴ്), ആർ. രാജലക്ഷ്മി (വർക്കല), ഹരികുമാർ (നെയ്യാറ്റിൻകര), ടി.എസ്. ജയശ്രീ (കാട്ടാക്കട) എന്നിവർ താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കും. ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങളുടെ ജില്ലയിലെ മേൽനോട്ടം ഈ ഉദ്യോഗസ്ഥർ നിർവഹിക്കും. അതതു പ്രദേശത്തെ വിവിധ വകുപ്പുകൾ ഇവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാകും പ്രവർത്തിക്കുക. ആശുപത്രികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതും ഇവരുടെ ഉത്തരവാദിത്തമാണ്.