തിരുവനന്തപുരം: കൊവിഡ് മൂലം യാത്രക്കാർ കുറഞ്ഞത് കണക്കിലെടുത്ത് സംസ്ഥാനത്ത് നിന്ന് സർവ്വീസ് നടത്തുന്ന മൂന്ന് ട്രെയിനുകളുടെ ആറ് സർവ്വീസുകൾ കൂടി റെയിൽവേ ഇന്നലെ റദ്ദാക്കി. ഇതോടെ, കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ റെയിൽവേ റദ്ദാക്കുന്ന ട്രെയിൻ സർവ്വീസുകളുടെ എണ്ണം 45 ആയി.
വ്യാഴാഴ്ചകളിൽ തിരുനെൽവേലിയിൽ നിന്നുള്ള ഗാന്ധിധാം എക്സ് പ്രസ്, കൊച്ചുവേളിയിൽ നിന്ന് ഞായറാഴ്ചകളിലുള്ള പോർബന്തർ,വെള്ളിയാഴ്ചകളിലുളള ഇൻഡോർ എന്നീ പ്രതിവാര ദീർഘദൂര ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതുകൂടാതെ മേയ് 15 വരെ റദ്ദാക്കിയിരുന്ന തിരുവനന്തപുരത്തുനിന്ന് തിരുനെൽവേലിക്കും ഗുരുവായൂരിലേക്കും കണ്ണൂരിൽ നിന്ന് ആലപ്പുഴയ്ക്കും എറണാകുളത്തേക്കുമുളള ഇന്റർസിറ്റികൾ,ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്കുള്ള എക്സ്പ്രസ് തുടങ്ങിയവ ലോക്ക് ഡൗൺ പരിഗണിച്ച് 16നും ഓടില്ലെന്ന് റെയിൽവേ അറിയിച്ചു.