മുക്കം: കോഴിക്കോടിന്റെ കിഴക്കൻ മലയോരത്ത് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. മുക്കം നഗരസഭയും സമീപ പഞ്ചായത്തുകളായ തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ എന്നിവയും ഉൾപെടുന്ന മേഖലയിൽ 1870 പേർ ചികിത്സയിലാണ്. ഏപ്രിൽ പകുതി വരെ ഈ മേഖലയിൽ ആകെ രോഗികൾ 30 ൽ താഴെ മാത്രമായിരുന്നു.
കൊടിയത്തൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ, 479 പേർ. കാരശ്ശേരിയിൽ 477 പേരും മുക്കത്ത് 413 പേരും തിരുവമ്പാടിയിൽ 350 പേരും കൂടരഞ്ഞിയിൽ 151 പേരും ചികിത്സയിലാണ്.
കൊടിയത്തൂർ പഞ്ചായത്തിൽ പന്നിക്കോട് ലൗ ഷോർ സ്‌കൂളിൽ സജ്ജമാക്കിയ ഡി.സി.സിയിൽ അഞ്ചു പേരും മുക്കം നഗരസഭയിലെ ഡി സി.സിയിൽ 13 പേരും തിരുവമ്പാടിയിൽ 14 പേരുമാണ് നിലവിലുള്ളത്. മറ്റുള്ളവർ വീടുകളിലും ആശുപത്രികളിലുമായി കഴിയുകയാണ് .
രോഗവ്യാപനം കൂടുകയും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാവുകയും ചെയ്തതോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ടി.പി.ആർ 15 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കണമെന്ന് ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയിൽ കൂടരഞ്ഞി ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആർ 15 ൽ കൂടുതലാണ്.
പൊലീസ് നിയന്ത്രണവും കടുപ്പിച്ചിട്ടുണ്ട്. നിയന്തണം ലംഘിക്കുന്നവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മുക്കം ഇൻസ്പെക്ടർ എസ്. നിസാം അറിയിച്ചു. അനാവശ്യമായി റോഡിലിറങ്ങുന്നവരെയും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒത്തുകൂടുന്നവരെയും കണ്ടെത്താൻ ഡ്രാേൺ ഉപയോഗിക്കുമെന്നും പൊലീസ് അറിയിച്ചു. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ആശുപത്രി ആവശ്യത്തിനും അതുപോലുള്ള അത്യാവശ്യ കാര്യങ്ങൾക്കുമല്ലാതെ ടാക്സി വാഹനങ്ങൾ ഓടാൻ പാടില്ല. ഇതിനിടെ മുക്കം നഗരസഭ മൂന്ന് സൗജന്യ ആംബുലൻസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.