samy

മാഹി: ആൾദൈവമായിരുന്ന അപ്പാ പൈത്യ സ്വാമിയുടെ മനമറിയാതെ നിയുക്ത പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിക്ക് ഒരു 'കളി'യുമില്ല. ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പുതുച്ചേരി രാഷ്ട്രീയത്തിൽ ഒന്നുമല്ലാതിരുന്ന കാലത്ത് ആരംഭിച്ചതാണ്. മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമൊക്കെയായ എം.ഒ.എച്ച്. ഫാറൂഖ് മരിയ്ക്കാർ വഴിയാണ് രംഗസ്വാമി, തമിഴ്നാട്ടിലെ സേലത്തുള്ള അപ്പാ പൈത്യ സ്വാമിയെ കണ്ടുമുട്ടുന്നത്. 1990ലെ തിരഞ്ഞെടുപ്പിൽ മുൻ മന്ത്രി ജനതാദളിലെ പെത്തപ്പെരുമാളിനോട് ദയനീയമായി തോറ്റ്, സാമ്പത്തികമായി തളർന്ന്, രാഷ്ട്രീയം വിടാൻ തീരുമാനിച്ച വേളയിലാണ്, അപ്പാ സ്വാമി രംഗസ്വാമിയുടെ തലയിൽ കൈ വെച്ച് ഇങ്ങനെ പറഞ്ഞത്: 'നീ പുതുവൈയിൽ രാസാവായിടും '.
എന്തായാലും രംഗസ്വാമിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 1991 ൽ വൈദ്യലിംഗം മന്ത്രിസഭയിൽ കൃഷി മന്ത്രിയായി '99 മുതൽ 2001 വരെ ഷൺമുഖം മന്ത്രിസഭയിൽ അംഗമായി. 2001 മുതൽ അഞ്ച് വർഷക്കാലം മുഖ്യമന്ത്രിയായി. 2006 മുതൽ 2008 വരെ വീണ്ടും മുഖ്യമന്ത്രിയായി. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് താഴെയിറങ്ങേണ്ടി വന്നു. 2011 ൽ അസംതൃപ്തരായ കോൺഗ്രസുകാരെ ഏകോപിപ്പിച്ച് ആൾ ഇന്ത്യാ എൻ.ആർ. കോൺഗ്രസ് രൂപീകരിച്ചു. തൊട്ടുപിറകെ വന്ന തിരഞ്ഞെടുപ്പിൽ തനിച്ച് ഭൂരിപക്ഷം നേടി മുഖ്യമന്ത്രിയായി എല്ലാവരേയും ഞെട്ടിച്ചു. 2016ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷ നേതാവായി. ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യത്തോടൊപ്പം നിന്ന് 30 സീറ്റുകളിൽ 10 സീറ്റുകൾ എൻ.ആർ. കോൺഗ്രസ് നേടി. ജയിച്ചു കയറിയ എൻ.ആർ. കോൺഗ്രസിന്റെ നാല് റിബലുകളും രംഗസ്വാമിയെ അനുകൂലിക്കുന്നവരാണ്.
സേലത്ത് അടിക്കടി പോകാനുള്ള അസൗകര്യം മൂലം തന്റെ വീടിനോട് ചേർത്ത് അപ്പാ സ്വാമി ക്ഷേത്രം സ്വന്തം ചെലവിൽ പണിതിട്ടുണ്ട്. ഇവിടുത്തെ പൂജാരിയാകട്ടെ സാക്ഷാൽ രംഗസ്വാമി തന്നെ..


രസകരം നിത്യ ജീവിതം

തന്റെ രാഷ്ടീയ ആചാര്യനായ പെരും തലൈവർ കാമരാജിന്റെ ശൈലിയിലാണ് പുതുവൈ കാമരാജ് എന്നറിയപ്പെടുന്ന രംഗസ്വാമിയുടെ നടപ്പും ഭാവവും പ്രവർത്തിയുമെല്ലാം. ഏഴ് അടി ഉയരമുള്ള കറുത്ത് മെലിഞ്ഞ ഈ മനുഷ്യന്റെ നെറ്റി നിറയെ ഭസ്മം വാരിതേച്ചിട്ടുണ്ടായിരിക്കും. കൈ കാൽ മുട്ടുകൾക്ക് താഴെയെത്തുന്ന നീളൻ ഖദർ ഷർട്ടും മുണ്ടുമാണ് വേഷം.


വേറിട്ട ദിനചര്യ

അതിരാവിലെ എഴുന്നേറ്റ്, സൈക്കിളിൽ ഗ്രാമത്തിലെ ചായക്കടയിലെത്തും. അപ്പോഴേക്കും അനുയായികളും, പരിവട്ടവും ,പരാതിയുമൊക്കെയുള്ളവരും കാത്തിരിക്കുന്നുണ്ടാവും. എല്ലാവർക്കുമൊപ്പം ചായയും സംസാരവും. പിന്നീട് സൈക്കിളിൽ തന്നെ ടെന്നീസ് കോർട്ടിലേക്ക്. സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞാൽ മരണ വീടുകളിലും കിടപ്പു രോഗികളേയും കാണാനെത്തും. എല്ലാവരേയും പുറത്ത് തട്ടി സാന്ത്വനിപ്പിക്കും. തുടർന്ന് വീട്ടിലെത്തി കുളിച്ച് ഒരു മണിക്കൂർ അടച്ചിട്ട പൂജാമുറിയിൽ. പിന്നീട് ഔദ്യോഗിക തിരക്കുകളിൽ മുഴുകും. ആര് വിവാഹത്തിന് ക്ഷണിച്ചാലും കതിർമണ്ഡപത്തിലെത്തി വധൂവരൻമാരെ അനുഗ്രഹിക്കും. ചിലപ്പോൾ മുഖ്യമന്ത്രിയുടെ തിരക്ക് പരിഗണിച്ച് വിവാഹ മുഹൂർത്തം പാതിരാവിലുമായിരിക്കും.

ആർക്കും എപ്പോഴും കടന്നു വരാം.

അസംബ്ലി മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ മുറിയിലേക്ക് സ്‌കൂൾ വിദ്യാർത്ഥികൾ തൊട്ട് ഏത് വി.ഐ.പി.ക്കും കടന്നു വരാം. എല്ലാവർക്കും തുല്യപരിഗണന. ചെറിയ കുട്ടികൾക്ക് മുന്നിലും തൊഴുകൈയ്യോടെ നിൽക്കും. അവർക്കും കാതു കൊടുക്കും. പറ്റാവുന്നത് ഉടനെ തന്നെ ചെയ്ത് കൊടുക്കും.


സൗജന്യങ്ങളുടെ രാജാവ്

പാവങ്ങളുടെ സങ്കടം കേട്ടാൽ തന്നാലാവുന്നതെല്ലാം സങ്കേതികത്വം നോക്കാതെ വാരിക്കോരി കൊടുക്കുന്ന ഉദാരമതി. ഇത് പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയായിട്ടുമുണ്ട്. സംസ്ഥാനത്തെ മുഴുവൻ വീടുകൾക്കും ഗ്രൈൻഡറും, മിക്സിയും നൽകി. പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിളും സൗജന്യമായി നൽകി. മെഡിക്കൽ/എൻജിനീയറിംഗ് ഉൾപ്പടെ സംസ്ഥാനത്തെ പ്രൊഫഷണൽ വിദ്യാഭ്യസം സൗജന്യമാക്കി രാജ്യത്തിന് മാതൃകയായി.

മയ്യഴിയെ പ്രണയിക്കുന്ന മനസ്

മയ്യഴിയിലെ വൻകിട പദ്ധതികളായ പുഴയോര നടപ്പാത, ഇൻഡോർ സ്റ്റേഡിയം, തുറമുഖം തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പല തവണ മയ്യഴി സന്ദർശിച്ചിട്ടുള്ള രംഗസ്വാമിക്ക്, പൊതുരംഗത്തുള്ളവരെയൊക്കെ സുപരിചിതമാണ്. മയ്യഴിയെ സ്വന്തം നാടായി കാണുന്നുവെന്ന്, അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജിനെ സാക്ഷിനിർത്തി, ഒരിക്കൽ മയ്യഴി മഹോത്സവ വേദിയിൽ പറയുകയുണ്ടായി.