general

ബാലരാമപുരം: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ബാലരാമപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ വാക്സിനേഷന് എത്തിയവരുടെ തിക്കും തിരക്കും രോഗവ്യാപനത്തിന് കാരണമാകുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മൂന്നിരട്ടി കൊവിഡ് കേസുകളാണ് ബാലരാമപുരത്ത് റിപ്പോർട്ട് ചെയ്തത്.

പൊലീസും ആരോഗ്യവകുപ്പും വ്യക്തമായ മാർഗനിർദ്ദേശങ്ങളും ജാഗ്രത അറിയിപ്പുകളും നൽകിയിട്ടും പൊതുജനം ഇവയൊന്നും ചൊവിക്കൊള്ളുന്നില്ലെന്നതിന്റെ തെളിവാണ് ബാലരാമപുരം സി.എച്ച്.സിയിൽ കഴിഞ്ഞ ദിവസത്തെ തിരക്ക്. ഇന്നലെ പുലർച്ചെ അഞ്ച് മണിമുതൽ വാക്സിനേഷൻ എടുക്കാനെത്തിയവരുടെ തിരക്ക് തുടങ്ങി. നിലവിൽ വാക്സിന്റെ ലഭ്യതയനുസരിച്ചാണ് വാക്സിനേഷൻ നൽകുന്നത്. എന്നാൽ ഇവയൊന്നും മനസിലാക്കാതെ രാവിലെ മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്തവരും സെക്കന്റ് ഡോസ് എടുക്കുന്നതിലേക്കുമായി നൂറ് കണക്കിനുപേരാണ് ഇവിടെ തടിച്ചുകൂടുന്നത്. ഓൺലൈൻ വഴി നാൽപ്പത് ശതമാനവും അറുപത് ശതമാനം സ്പോട്ട് രജിസ്ട്രേഷനുമാണ്. രണ്ടാമത്തെ വാസ്കിനേഷൻ നേരിട്ടെത്തി സ്വീകരിക്കാം.

ഇന്നലെ എൺപത് ശതമാനം പേർക്ക് ആദ്യ ഡോസും ഇരുപത് ശതമാനം പേർക്ക് സെക്കന്റ് ഡോസ് വാക്സിനേഷനും നൽകി. വാക്സിനേഷൻ ലഭിക്കാതെ മടങ്ങുന്നവർക്ക് തുടർദിവസങ്ങളിൽ വാക്സിനേഷൻ നൽകാനും സൗകര്യമൊരുക്കുന്നുണ്ട്. ഇതിനിടയിൽ ആരോഗ്യപ്രവർത്തകർക്കും പൊലീസ് ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന ഫ്രണ്ട്ലൈൻ പ്രവർത്തകർക്കും വാക്സിനേഷൻ നൽകുന്നുണ്ട്. കൂടുതൽ പൊലീസിനെ വിന്യസിച്ച് തിരക്ക് കുറയ്ക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. ആദ്യ ഡോസിനും രണ്ടാമത് വാക്സിനേഷൻ സ്വീകരിക്കുന്നവർക്കും വെവ്വേറെ കൗണ്ടർ ഒരുക്കിയാൽ പ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടാവുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നു

കൊവിഡ് വാക്സിനേഷന് എത്തുന്നവർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നത് ഗുരുതവീഴ്ചയാണ്. കൊവിഡ് പകരുന്ന വ്യാധിയാണെന്ന തിരിച്ചറിവുണ്ടായിട്ടും ആരും തന്നെ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തത് ആരോഗ്യപ്രവർത്തകർക്കും വെല്ലുവിളിയുയർത്തുകയാണ്. ബാലരാമപുരം പഞ്ചായത്തിൽ ഒരാഴ്ചയ്ക്കിടെ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ആർ.എം.ബിജു .സി.എച്ച്.സി മെഡിക്കൽ ഓഫീസർ.