കാസർകോട്: കോടികളുടെ നിക്ഷേപതട്ടിപ്പു കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം ഉദ്യാവർ സ്വദേശി മുഹമ്മദ് ജാവേദിനെ(28) കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ജാവേദിനെ കാസർകോട് ഡിവൈ .എസ് .പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതിനിടെ കേസിൽ അന്വേഷണം പല ഉന്നതരിലേക്കും കൊണ്ടുപോകാനാണ് പൊലീസ് നീക്കം തുടങ്ങി.
അറസ്റ്റിലായ ജാവേദ് കമ്മിഷൻ പറ്റുന്ന ഇടനിലക്കാരൻ മാത്രമായിരുന്നു. കമ്പനിയുടെ ഡയറക്ടർമാർ ഉൾപ്പെടെ കൂടുതൽ പേരെ പൊലീസ് കേസിൽ പ്രതിചേർക്കും. മൈ ക്ലബ് ട്രേഡ്സ് എന്ന പേരിൽ നടത്തിയ മണി ചെയിൻ പദ്ധതിയിലേക്ക് കാസർകോട്, മംഗളൂരു പ്രദേശത്തുള്ള 453 പേരെ ജാവേദ് നേരിട്ട് ചേർത്തതായി അന്വേഷണത്തിൽ വ്യക്തമായി. കേരളത്തിലെമ്പാടും ദുബായിലും ഈ തട്ടിപ്പ് പദ്ധതി വ്യാപിച്ചു കിടക്കുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. മലേഷ്യൻ കമ്പനി സ്കീം എന്ന വ്യാജേന ഏജന്റുമാർ മുഖാന്തിരം മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന ആപ്ലിക്കേഷൻ വഴിയാണ് നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചിരുന്നത്. ഏജന്റുമാർ മുഖേന നിക്ഷേപകരുടെ 500 കോടിയോളം രൂപയാണ് തട്ടിയെടുത്തത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
തട്ടിയെടുത്ത പണം കൊണ്ട് ആർഭാടജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്. വൻസംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. മണിച്ചെയിൻ കമ്പനിയിൽ നിക്ഷേപിച്ച പണത്തിന് ഇരട്ടിലാഭം കിട്ടാതിരുന്നതിലുള്ള വൈരാഗ്യം മൂലം മുഹമ്മദ് ജാവേദിനെയും സുഹൃത്ത് അഹമ്മദ് അഷ് റഫിനെയും തട്ടിക്കൊണ്ടുപോയ സംഭവമാണ് സംഘത്തിലേക്ക് പൊലീസ് അന്വേഷണം എത്താൻ കാരണമായത്.