മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിന് സ്വകാര്യ വ്യക്തി ശ്മശാനത്തിനായി സ്ഥലം നൽകി. കൊവിഡ് വ്യാപനവും മരണവും വർദ്ധിച്ചതോടെ ശ്മശാനമില്ലാത്ത ഗ്രാമപഞ്ചായത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഏകകണ്ഠമായിട്ടാണ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ടി. ലാലി കേരളകൗമുദിയോട് പറഞ്ഞു. കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബിനുതോമസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ശ്മശാനം ഒരുക്കുന്നത്. കളക്ട്രേറ്റിൽ നിന്ന് അനുമതി കിട്ടുന്ന മുറയ്ക്ക് വിറക് ഉപയോഗിച്ചുള്ള ശ്മശാനം പ്രവർത്തിച്ച് തുടങ്ങും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റയും വൈസ് പ്രസിഡന്റ് ജി.കെ. അനിൽ, മൂലമൺ വാർഡ് അംഗം ഷിബു എന്നിവരുടെ ഇടപെടലിലൂടെയാണ് ശ്മശാനത്തിന് രേഖാമൂലം ബിനുതോമസ് പഞ്ചായത്തിന് സ്ഥലം വിട്ട് നൽകിയത്. ബിനുതോമസിന്റെ ഏക്കർ കണക്കിനുള്ള മൂക്കുന്നി മലയിലെ സ്ഥലത്തെ ഒരുഭാഗത്താണ് ശ്മശാനം പ്രവർത്തിക്കുക.