പാലോട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയെത്തുടർന്ന് പ്രദേശത്ത് പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ വ്യാപകമാകുന്നു. പുതിയതായി നിർമ്മിക്കുന്ന നന്ദിയോട് ചെറ്റച്ചൽ റോഡിൽ നന്ദിയോട്, ആലുമ്മൂട്, ഓരുക്കുഴി, നവോദയ സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ അനിയന്ത്രിതമാണ്.
അന്താരാഷ്ട്ര നിലവാരമുള്ള അതീവ സുരക്ഷിതത്വമുള്ള നവോദയ സ്കൂൾ മതിലിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞു വീണു. മണ്ണാറുകുന്ന്, ഓരുക്കുഴി എന്നീ ഭാഗങ്ങളിൽ റോഡ് നിർമ്മാണത്തിനായി മണ്ണിടിച്ചുമാറ്റിയിരുന്നു. ഇതോടെയാണ് ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വ്യാപകമായത്. ഇവിടങ്ങളിലെ വീടുകൾ ഏതു നിമിഷവും നിലംപതിക്കാം.
റോഡുനിർമ്മാണത്തിനായി 30 അടിയിലേറെ ഉയരത്തിലാണ് മണ്ണിടിച്ചു മാറ്റിയത്. കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചു നൽകണമെന്ന ആവശ്യം ഉയർന്നെങ്കിലും കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും മണ്ണിടിഞ്ഞാൽ ഇനി എന്തു ചെയ്യണ മെന്നറിയാതെ പ്രതിസന്ധിയിലാണ് ഇവിടുത്തുകാർ. റോഡുനിർമ്മാണത്തോടൊപ്പം 6800 മീറ്റർ ഓട നിർമ്മിക്കാനും എഗ്രിമെന്റ് ഉണ്ടായിരുന്നു എങ്കിലും ഓട നിർമ്മാണം ഇതു വരെ എങ്ങുമെത്തിയില്ല. പച്ച ജംഗ്ഷനിലെ തോടിൽ പുതിയതായി നിർമ്മിച്ച സംരക്ഷണ ഭിത്തി മൂന്നു പ്രാവശ്യം ഇടിഞ്ഞു വീണു. 9.86 കോടി രൂപയുടെ പദ്ധതിയിൽ 7 കിലോമീറ്റർ റോഡ് വീതി കൂട്ടി ടാറിംഗ്, സൈഡ് വാൾ നിർമ്മാണം, 6800 മീറ്റർ ഓട നിർമ്മാണം, സ്ലാബ് നിർമ്മാണം, പാലം എന്നിവയാണ് എസ്റ്റിമേറ്റ്. എന്നാൽ ഒന്നുമാകാതെ ഒച്ചിഴയും വേഗത്തിലാണ് നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ. അധികാരികൾ ഇനിയും കണ്ണടച്ചിരുന്നാൽ ഇനി വരാനുള്ളത് വലിയ ദുരന്തമായിരിക്കും.