may08a

ആറ്റിങ്ങൽ: മൂന്ന് മുക്ക് - പൂവമ്പാറ നാലുവരിപ്പാത നിർമ്മാണ പ്രവർത്തനങ്ങളുടെ അവസാനഘട്ട ടാറിംഗ് ആരംഭിച്ചു. ഇതിന്റെ പുരോഗതി വിലയിരുത്താനായി ഒ.എസ്. അംബിക എം.എൽ.എ സന്ദർശനം നടത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, മുൻ ചെയർമാൻ എം. പ്രദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മൂന്ന് ഘട്ടങ്ങളായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ഒന്നാം ഘട്ടത്തിൽ പൂവമ്പാറ മുതൽ കച്ചേരിനട വരെയും രണ്ടാം ഘട്ടത്തിൽ കിഴക്കേ നാലുമുക്ക് മുതൽ മൂന്ന്മുക്ക് വരെയും അവസാന ഘട്ടം കച്ചേരിനട മുതൽ കിഴക്കേ നാലുമുക്ക് വരെയുമാണ്. ഇന്നലെ രാത്രി 10 നാണ് അവസാന ഘട്ട ടാറിംഗ് പണികൾ ആരംഭിച്ചത്. ഇന്ന് ഉച്ചയോടെ ഇരുവശങ്ങളിലെയും ടാറിംഗ് പണികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറക്കാനാണ് നീക്കം. കുറച്ചു ഭാഗങ്ങളിൽ നടപ്പാതകൂടി പൂർത്തിയാക്കിയാൽ പണികൾ അവസാനിക്കും.