പാലോട്: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് ഇളവട്ടത്ത് വീടിന്റെ ഒന്നാം നിലയിൽ വെള്ളം കയറി ഒറ്റപ്പെട്ട കുടുംബത്തിന് കൈതാങ്ങായത് പാലോട് പൊലീസ് സംഘമായിരുന്നു. നാട്ടുകാരിലാരോ ഫോൺ ചെയ്ത് അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് സംഘം കണ്ടത് വീടിനുള്ളിലേക്ക് വെള്ളം കയറിയ നിലയിലായിരുന്നു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് നിശ്ചലമാവുന്നതിനു കാരണമായ തടസ്സങ്ങൾ എത്രയും പെട്ടെന്ന് മാറ്റി വീടിനുള്ളിൽ കയറിയ വെള്ളം കോരി കളഞ്ഞ് ശുചിയാക്കിയാണ് പൊലീസ് സംഘം മടങ്ങിയത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. പാലോട് സി.ഐ. സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, എസ്.ഐ ഭുവനേന്ദ്രൻ ,ലിജു, വിനീത്, അജേഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.