മുടപുരം: അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം നവഭാവന സമിതി ജംഗ്ഷനിൽ നിന്ന് ആൽത്തറമൂട് ജംഗ്ഷനിലേക്ക് പോകുന്ന റോഡിലെ പൊട്ടിയ പൈപ്പ് വാട്ടർ അതോറിട്ടി ജീവനക്കാരെത്തി ശരിയാക്കി.
പൈപ്പ് പൊട്ടി രണ്ട് ദിവസമായി വെള്ളം പാഴാകുന്ന വിവരം സംബന്ധിച്ച് ഇന്നലെ കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ റോഡരികിലെ പുരയിടത്തിലുണ്ടായിരുന്ന മരം റോഡിന് കുറുകെ ഒടിഞ്ഞുവീണ് കെ.എസ്.ഇ.ബി ഇലക്ട്രിക് പോസ്റ്റ് തകരുകയും ഇലക്ട്രിക് ലൈൻ പൊട്ടിവീഴുകയും ചെയ്തിരുന്നു. പിറ്റേ ദിവസം മരം മുറിച്ചുമാറ്റുകയും കെ.എസ്.ഇ.ബി ജീവനക്കാർ പഴയ പോസ്റ്റിനോട് ചേർന്ന് പുതിയ പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു.
പുതിയ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചതിനെ തുടർന്നാണ് റോഡിനടിയിലുണ്ടായിരുന്ന പൈപ്പ് ലൈൻ പൊട്ടിയതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന സമയത്ത് പൈപ്പിൽ വെള്ളമില്ലാതിരുന്നതിനാൽ പൊട്ടിയ വിവരം അറിഞ്ഞിരുന്നില്ല. പുതിയ പോസ്റ്റ് സ്ഥാപിച്ചതിന്റെ പിറ്റേ ദിവസം രാവിലെ മുതലാണ് പൊട്ടിയ പൈപ്പ് വഴി വെള്ളം ഒഴുകിത്തുടങ്ങിയത്. പുതിയ ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിൽ നിന്നുമാണ് റോഡിലേക്ക് വെള്ളം ഒഴുകിയത്. ഈ വിവരം ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.വി. അനിലാൽ ആറ്റിങ്ങൽ വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ചെങ്കിലും അവർക്ക് രണ്ട് മേജർ വർക്കുകളുണ്ടായിരുന്നതിനാൽ ഇന്നലെ ഉച്ചയോടെ വന്നാണ് പൊട്ടിയ പൈപ്പ് ശരിയാക്കിയത്.