ബാലരാമപുരം: സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാലരാമപുരത്ത് പൊലീസ് പരിശോധന കർശനമാക്കി. ഇന്നലെ പുലർച്ചെ 5 മണി മുതലായിരുന്നു പരിശോധന കർശനമാക്കിയത്. ബാലരാമപുരം ജംഗ്ഷൻ, ദേശീയ പാതയിൽ മുടവൂർപ്പാറ, വഴിമുക്ക്, വിഴിഞ്ഞം റോഡിലെ ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, തേമ്പാമുട്ടം എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. റെയ്ഞ്ച് ഐ.ജി സജ്ഞയ് കുമാർ ഗുരുഡിന്റെ നേതൃത്വത്തിൽ വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും പരിശോധിച്ചു. ആദ്യഘട്ട പരിശോധനയിൽ മാനദണ്ഡം ലംഘിച്ച വ്യാപാരികൾക്കും സ്ഥാപനങ്ങൾക്കും താക്കീത് നൽകി. പൊതുനിരത്ത് കൈയേറി വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്കുൾപ്പെടെ വരും ദിവസങ്ങളിൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. അഡീഷണൽ എസ്.പി സേവ്യർ സെബാസ്റ്റ്യൻ, സിഐ എ.സി. മനോജ് കുമാർ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന കച്ചവടസ്ഥാപനങ്ങൾക്കെതിരെയും മാസ്കും സാമൂഹിക അകലവും പാലിക്കാതെ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടിയെടുക്കാൻ റേഞ്ച് ഐ.ജി ലോക്കൽ പൊലീസിന് നിർദ്ദേശം നൽകി.