shmahsnam

പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിൽ പണികഴിപ്പിച്ച ശാന്തിനിലയത്തിന്റെ (ക്രിമറ്റോറിയം) പ്രവർത്തനം ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. നെയ്യാറ്റിൻകര തൊഴുക്കൽ, ശാന്തിവിള സ്വദേശി വിശ്വനാഥന്റെ മൃതദേഹമാണ് ഇവിടെ ആദ്യമായി സംസ്കരിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത, വൈസ് പ്രസിഡന്റ് ആർ. ബിജു, വാർഡ് മെമ്പർ എം. സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജി. ശ്രീധരൻ, വീണ, അനിതാ റാണി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുരേഷ്, അസിസ്റ്റന്റ് എൻജിനിയർ ക്ലെമന്റ്, ഹെൽത്ത് ഇൻസ്പെക്ടർ സുധീർ, വിശ്വനാഥന്റെ ബന്ധുക്കൾ തുടങ്ങിയവർ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ഭരണ സമിതി നിർമ്മിച്ച ശ്‌മശാനം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപായിട്ട് ഉദ്‌ഘാടനം ചെയ്തെങ്കിലും ചില കാരണങ്ങളാൽ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ഇതുമൂലം തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ എത്തിച്ചാണ് പാറശാലയിലുള്ളവർ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത്.

എന്നാൽ കൊവിഡ് വ്യാപനം സ്വന്തമായി സ്ഥലമില്ലാത്ത നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിച്ചു. തുട‌ർന്ന് പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ശ്‌മശാനം പ്രവർത്തനമാരംഭിക്കുകയായിരുന്നു. ശ്‌മശാനത്തിന്റെ പ്രവർത്തനം പാറശാലയിലുള്ളവർക്ക് കൂടാതെ നെയ്യാറ്റിൻകര താലൂക്കിലും അതിർത്തിയിലുമുള്ളവർക്കും പ്രയോജനപ്പെടും.

ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ശ്‌മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ച കല്ലിയൂർ സ്വദേശി മനുശങ്കറിന്റെ മൃതദേഹവും ഇന്നലെ സംസ്കരിച്ചു.