sss

വെഞ്ഞാറമൂട്: പാലിന്റെ വിലക്കുറവും തീറ്റ വിലക്കൂടുന്നതും തീറ്റ പുല്ലിന്റെയും വയ്ക്കോലിന്റെ വില വർദ്ധനയുമൊക്കെയായി ക്ഷീരകർഷകർ പ്രതിസന്ധിയിലായിരിക്കുമ്പോൾ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇപ്പോഴുണ്ടായ ലോക്ക് ഡൗണും കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നു.ലോക്ക് ഡൗണിൽ പാൽ ആവശ്യ സർവീസായി കണക്കാക്കിയിട്ടുണ്ടെങ്കിലും തീറ്റ, വയ്ക്കോൽ മുതലായവ ഈ ഗണത്തിൽ പെടാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ് ക്ഷീര കർഷകർ. പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്ത സർക്കാർ ലക്ഷ്യമിടുമ്പോഴും കാലിത്തീറ്റയുടെയും മറ്റു ഉത്പന്നങ്ങളുടെയും വില വർദ്ധനയ്ക്കനുസരിച്ച് സർക്കാരും, മിൽമയും വിലയുടെ ചാർട്ടിൽ വ്യത്യാസം വരുത്തുന്നില്ലെന്ന അക്ഷേപമാണ് കർഷകർക്കുള്ളത്. സർക്കാർ സംരഭമായ കേരള ഫീഡ്സ്, മിൽമ തീറ്റ എന്നിവയ്ക്ക് വില കൂട്ടുന്നതനുസരിച്ച് സ്വകാര്യ കമ്പനികളും വില കൂട്ടുകയാണ്. എന്നാൽ കർഷകർക്ക് ഗുണനിലവാരം ഇല്ലാത്ത കാലിത്തീറ്റകളാണ് ലഭിക്കുന്നതെന്നാക്ഷേപവുമുണ്ട്. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും, കച്ചിൽ, തീറ്റ എന്നിവയുടെ വിലക്കയറ്റവുമൊക്കെ കാരണം പശുവളർത്തലിൽ നിന്ന് കർഷകർ പിന്തിരിയുകയാണ്.