ff

കിളിമാനൂർ: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും ജനങ്ങളെ വലയ്ക്കുമ്പോൾ സാധാരണക്കാരെ കൊള്ളയടിച്ച് സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ. കൊവിഡ് പ്രതിരോധത്തിനുള്ള വസ്തുക്കൾക്കും മരുന്നുകൾക്കുമാണ് സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ വില വർദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് അത്യാവശ്യ സാധനങ്ങളുടെ വില വർദ്ധിച്ചത്.

പൾസ് ഓക്സിമീറ്ററുകളുടെ വില ഇരട്ടിയോളമാണ് ഇപ്പോൾ. ഒരാഴ്ച മുൻപ് വരെ 1300 മുതൽ 1400 വരെയായിരുന്നു വില. എന്നാൽ കഴിഞ്ഞ ദിവസം മുതൽ പൾസ് ഓക്സിമീറ്ററുകൾക്ക് 2000 മുതൽ മേലോട്ടായി. പൾസ് ഓക്സിമീറ്ററുകൾക്ക് സർക്കാർ അംഗീകൃത മെഡിക്കൽ സ്റ്റോറുകളിൽ 750 മുതൽ 800 രൂപ വരെയായിരുന്നു കഴിഞ്ഞ മാസത്തെ വില. എന്നാലിപ്പോൾ ഇത്തരം സ്ഥാപനങ്ങളിൽ ഓക്സിമീറ്ററുകൾക്ക് കടുത്ത ക്ഷാമം നേരിടുകയാണ്.

ഡബിൾ മാസ്ക് വയ്ക്കണമെന്ന നിർദേശം സർക്കാർ ആരോഗ്യവിഭാഗം പുറത്തിറക്കിയതോടെ സർജിക്കൽ മാസ്കുകളുടെ വില 125 ശതമാനത്തോളം വർദ്ധിപ്പിച്ചതായി പരാതി ഉയരുന്നു. സർജിക്കൽ മാസ്ക് നൂറെണ്ണം അടങ്ങുന്ന ഒരു പാക്കറ്റിന് നേരത്തെ 300 രൂപയായിരുന്നു വില. എന്നാൽ കഴിഞ്ഞ ദിവസം മുതൽ 700 മുതൽ 730 വരെയായി വില ഉയർന്നു. സാധനത്തിന്റെ ലഭ്യതക്കുറവെന്ന് പറഞ്ഞാണ് വില വർദ്ധിപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. പാക്കറ്റ് പൊട്ടിച്ച് നൽകുന്ന സർജിക്കൽ മാസ്കുകൾക്ക് 10 രൂപ വരെ വാങ്ങുന്നതായി പരാതിയുണ്ട്. ഡബിൾ മാസ്ക് നിർബന്ധമാക്കുകയും തുണി മാസ്കുകൾ ഒഴിവാക്കണമെന്ന നിർദ്ദേശം വരികയും ചെയ്തതോടെയാണ് മാസ്ക് വില വർദ്ധിപ്പിച്ചത്. എന്നാൽ അമിത വില സംബന്ധിച്ച് ആർക്കാണ് പരാതി നൽകേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ് സാധാരണക്കാർക്ക്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നാണാവശ്യം.