കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിൽ സമത്വതീരം പൊതുശ്മശാനത്തിന്റെ തകരാറുകൾ പരിഹരിച്ചു. പ്രവർത്തനം ആരംഭിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്ന പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനറയിലെ പൊതു ശ്മശാനം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തകരാറിലായത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തിക്കാനായില്ല. ഗ്രാമീണമേഖലയിൽ പോലും കൊവിഡ് മരണങ്ങളും കൂടിയതോടെ ശ്മശാനത്തിന്റെ ആവശ്യകത അനിവാര്യമായിരുന്നു. തുടർച്ചയായി മൃതശരീരങ്ങൾ കത്തിക്കേണ്ടി വന്നതോടെ ഇലക്ട്രിക് അടുപ്പിലെ ബർണർ തകരാറിലാവുകയായിരുന്നു. ഇത് സംബന്ധിച്ച് ചെന്നൈ ആസ്ഥാനമായുള്ള കമ്പനിക്കാണ് ശ്മശാന നിർമ്മാണക്കരാർ. വെള്ളിയാഴ്ച രാത്രിയോടെ ജീവനക്കാരെത്തി ബർണറിന്റെ കേടുപാടുകൾ പരിഹരിച്ചു. രാവിലെ എട്ടു മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം. 9567543495 നമ്പറിൽ മുൻകൂട്ടി അറിയിച്ചശേഷം നിശ്ചിതസമയത്ത് മൃതദേഹം സംസ്കരിക്കാനുള്ളവർ എത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ പറഞ്ഞു.