mankayam

വിതുര: കൊവിഡ് വ്യാപനം രൂക്ഷമായത് ടൂറിസം മേഖകൾക്ക് വീണ്ടും കനത്ത തിരിച്ചടിയായി. കൊവിഡിനെ ചെറുക്കുന്നതിനായി കഴിഞ്ഞ വർഷം പത്ത് മാസത്തോളം സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിട്ടിരുന്നു. ഈ വർഷം തുറന്ന് നാല് മാസം പിന്നിട്ടപ്പോൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പൊൻമുടി ഉൾപ്പടെയുള്ള ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്നും സർക്കാരിന് കോടികളുടെ വരുമാനമാണ് ലഭിച്ചിരുന്നത്. രണ്ടുതവണ ലോക്ക് ഡൗൺ കടന്നെത്തിയതോടെ ടൂറിസം മേഖലയുടെ നട്ടെല്ലാടിഞ്ഞിരിക്കുകയാണ്. മാത്രമല്ല ആയിരക്കണക്കിന് താത്കാലിക ജീനക്കാരാണ് ടൂറിസം മേഖലകളിൽ കരാർ വ്യവസ്ഥയിൽ ജോലി നോക്കിയിരുന്നത്. ഇവരുടെ അന്നവും മുട്ടി. പ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളിൽ എല്ലാം തന്നെ പ്രകൃതി രമണീയമായ കാലാവസ്ഥയാണ് ഇപ്പോൾ. ഉച്ചകഴിഞ്ഞാൽ മിക്ക ദിവസവും ഇവിടെ മഴയാണ്. ഒപ്പം മൂടൽ മഞ്ഞും കുളിർകാറ്റും. എന്നാൽ കൊവിഡിന്റെ രണ്ടാം വരവും തുടർന്നുള്ള ലോക്ക് ഡൗണും കാരണം സഞ്ചാരികളാരും തന്നെ ഇവിടെ എത്തുന്നില്ല. കൊവിഡിന് മുൻപ് ഈ മേഖലയിൽ നിന്നും കോടിക്കണക്കിന് വരുമാനമാണ് സർക്കാരിന് ലഭിച്ചിരുന്നത്.. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഈ വരുമാനം നിലച്ചു.

പ്രകൃതി ഭംഗിയിൽ പൊൻമുടി

ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് വരെ പൊൻമുടിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരുന്നത്. ഒരു ആകാശയാത്രയുടെ പ്രതീതിയാണ് സഞ്ചാരികൾക്ക് പൊൻമുടി സമ്മാനിച്ചിരുന്നത്. കൊവിഡിനെത്തുടർന്ന് പൊൻമുടി പൂട്ടിയതോടെ കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തി. അപ്പർ സാനിറ്റോറിയത്തിൽ പൊലീസ് സ്റ്റേഷന് പുതിയ മന്ദിരം നി‌ർമ്മിച്ചു. ഇതോടെ പൊൻമുടിയുടെ മുഖച്ഛായതന്നെ മാറി.
അടച്ചു പൂട്ടലിന് ശേഷം തുറന്നപ്പോൾ പൊൻമുടിയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹമായിരുന്നു. ഡിസംമ്പർ, ജനുവരി മാസങ്ങളിൽ ഒരു ലക്ഷത്തിൽ പരം പേരാണ് പൊൻമുടി സന്ദർശിച്ചത്. വനംവകുപ്പിന് പാസ് ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുകയും ചെയ്തു. തുറന്ന് നാല് മാസത്തിന് ശേഷം വീണ്ടു പൊൻമുടി അടച്ചതോടെ വലയുന്നത് ചെക്ക് പോസ്റ്റുകളിലും മറ്റും ജോലി നോക്കുന്ന ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള താത്കാലിക ജീവനക്കാരാണ്.

പൊൻമുടി അടച്ചത്........ 2020 മാർച്ച് 23ന്

പൊൻമുടി വീണ്ടും തുറന്നത്................ ഡിസംബർ 19ന്

നിശ്ചലമായി മങ്കയവും, മീൻമുട്ടിയും

വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പെരിങ്ങമ്മല മങ്കയം ഇക്കോ ടൂറിസവും വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മീൻമുട്ടി ഹൈഡൽ ടൂറിസവുമാണ് ലോക് ഡൗണിൽ കുടുങ്ങി നിശ്ചലമായത്. മങ്കയം, ഇടിഞ്ഞാർ, ബ്രൈമൂർ മേഖലകളെ ഒന്നിപ്പിച്ചു കൊണ്ടായിരുന്നു ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയിരുന്നത്. മേയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് സഞ്ചാരികൾ കൂടുതലെത്തുന്നത്. 180 ഓളം ദിവസ വേതന തൊഴിലാളികളാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ ഗൈഡായി ജോലി നോക്കിയിരുന്നത്. എന്നാൽ സഞ്ചാരികൾ എത്താത്തതിനാൽ ഇവരുടെ ജീവിതം ദുരിതപൂർണമാണ്. നീണ്ട ഇടവേളക്ക് ശേഷം മങ്കയം സന്ദർശകർക്കായി തുറന്ന് കൊടുത്തെങ്കിലും വീണ്ടും ലോക് ഡൗൺ ആയതോടെ ഇവരുടെ ജീവിതവും ദുരിതത്തിലായി. നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി ഹൈഡൽ ടൂറിസം വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ പതിനഞ്ചോളം ജീവനക്കാരും ഇവിടെയുണ്ട്. ഇവരുടെ ജീവിതവും ദുരിതത്തിലാണ്..