കല്ലമ്പലം: ലോക്ക്ഡൗണിനെ തുടർന്ന് ചാരായം വാറ്റുന്നതിനായി കോട സൂക്ഷിച്ചിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. മടവൂർ പനപ്പാകുന്ന് കൃഷ്ണൻകുന്ന് കൃഷ്ണ വിലാസത്തിൽ രാജേഷാണ് പിടിയിലായത്. 100 ലിറ്ററോളം കോടയുമായാണ് ഇയാളെ പിടികൂടിയത്. ചാരായം വാറ്റി വില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ വർക്കല എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം. അഷ്റഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജീർ എസ്, താരിഖ് ജെ, വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. മദ്യ ഷോപ്പുകൾ അടഞ്ഞു കിടക്കുന്നത്തിനാൽ വർക്കല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചാരായം വാറ്റി വില്പന നടത്താനുള്ള സാദ്ധ്യത ഉള്ളതായി വർക്കല എക്സൈസ് അധികൃതർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ 0470 2692212, 9447556578 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണന്ന് സി.ഐ നൗഷാദ് അറിയിച്ചു.