വർക്കല: വർക്കലയിലും പരിസരപ്രദേശങ്ങളിലും ലോക്ക് ഡൗൺ ഞായറാഴ്ച പൂർണം. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. ജനങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ലോക്ക് ഡൗണിനോട് സഹകരിക്കാൻ തീരുമാനിച്ചതോടെ സാധാരണ ഗതിയിൽ വർക്കലയിലെയും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലെയും വളരെ തിരക്കേറിയ റോഡുകൾ പോലും വിജനമായി. വളരെ അപൂർവമായി അത്യാവശ്യങ്ങൾക്കു മാത്രമായാണ് ജനങ്ങൾ പുറത്തിറങ്ങിയത്. പൊലീസും സന്നദ്ധ സേനാംഗങ്ങളും പ്രധാന കവലകളിൽ പരിശോധന നടത്തി.നിർദേശങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങിയ 200ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. 25 ഓളം വാഹനങ്ങളും പിടിച്ചെടുത്തു.വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ 150-ഓളം കേസുകളും അയിരൂരിൽ 70-ഓളം കേസുകളുമാണ് എടുത്തത്. അത്യാവശ്യ കാര്യങ്ങൾക്കും ആശുപത്രിയിൽ പോകാനെത്തിയവരെയും മാത്രമാണ് പൊലീസ് കടത്തിവിട്ടത്.വർക്കല ടൗൺ, പുന്നമൂട്, നടയറ, പുത്തൻചന്ത, പാലച്ചിറ, മരക്കടമുക്ക്, ഇടവ, കാപ്പിൽ, കാറ്റാടിമുക്ക്, അയിരൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തി. ബാരിക്കേഡ് കെട്ടിയായിരുന്നു പരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തു. സത്യവാങും ആവശ്യമായ രേഖകളും കൈയിൽ കരുതാത്തവർക്കെതിരെയാണ് നടപടിയെടുത്തത്. മാസ്‌കും ഹെൽമെറ്റും ധരിക്കാതെ വാഹനങ്ങളിൽ എത്തിയവർക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റീനിൽ കഴിയുന്നവർക്ക് മരുന്നും മറ്റ് സഹായങ്ങളുമെത്തിക്കാൻ വനിതാ പൊലീസുകാരുടെയും 10 വോളന്റിയർമാരുടെയും സഹായവുമുണ്ടായിരുന്നു.