തിരുവനന്തപുരം: ടെക്നോപാർക്ക് ഫേസ് ത്രീ വികസനത്തിന്റെ പേരിൽ 10 ഏക്കർ തോടുൾപ്പെടെ 19.73 ഏക്കറിലധികം വരുന്ന തണ്ണീർത്തടം മണ്ണിട്ടുനികത്തിയതോടെ പ്രദേശവാസികൾ വെള്ളപ്പൊക്ക ഭീഷണിയിലായി. ശക്തിയായ ഒരു മഴപെയ്‌താൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ തങ്ങൾ വെള്ളത്തിനടിയിലാകുമെന്നാണ് കല്ലിങ്കൽ, തൃപ്പാദപുരം, അരശുംമൂട് നിവാസികളുടെ ആശങ്ക. 45ഓളം വീട്ടുകാരാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്. 2018ലും 2019ലും കഴിഞ്ഞ വർഷവും ശക്തമായ മഴയെ തുടർന്ന് നിരവധി കുടുംബങ്ങളെ മൺവിളയിലയിലെയും ആറ്രിൻകുഴിയിലേയും ദുരിതാശ്വാസ ക്യാമ്പുകളിലാക്കുകയായിരുന്നു. കല്ലുപാലത്തിനടുത്ത് തെറ്റിയാറിന്റെ ഒരു കൈവഴി തിരിച്ചുവിട്ടതിനാലുള്ള ദുരിതം വേറെ. സർക്കാർ തെറ്രിയാർ സംരക്ഷണം എന്ന് പറയുകയും മറുഭാഗത്ത് ടെക്നോപാർക്കിലെ സ്വകാര്യകമ്പനികൾക്ക് വേണ്ടി തെറ്റിയാറിനെ വഴിതിരിച്ചുവിടുകയുമാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം.

ടെക്നോപാർക്കിൽ നിന്നുള്ള മാലിന്യവും ഇവിടെ തള്ളുന്നതായി പരാതിയുണ്ട്. കഴിഞ്ഞ 35 വർഷമായി തെറ്രിയാറിലെ ചെളി നീക്കുകയോ വൃത്തിയാക്കുകയോ ചെയ്‌തിട്ടില്ല. തെറ്രിയാറിന്റെ വീതി 24 മീറ്ററിൽ നിന്ന് 10 ആയി കുറയുകയും ചെയ്‌തു. ടെക്നോപാർക്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഇത് ചെയ്യാവുന്നതേയുള്ളൂ. തിരഞ്ഞെടുപ്പിന് മുമ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ നേതൃത്വത്തിൽ ചില യോഗങ്ങൾ ചേർന്നെങ്കിലും ഒന്നും നടന്നില്ല. അതിനിടെ തെറ്രിയാർ വഴിതിരിച്ചുവിടുന്നതിനെതിരെ നാഷണൽ ഗ്രീൻ ട്രൈബ്യൂണലും നടപടിയുമായി രംഗത്തുവന്നിട്ടുണ്ട്. സന്നദ്ധ സംഘടനായ ഇ.പി.ആർ.സിയുടെ നേതൃത്വത്തിലാണ് ഗ്രീൻ ട്രൈബ്യൂണലിനെ സമീപിച്ചത്. എം. ശിവശങ്കർ ഐ.ടി സെക്രട്ടറിയായിരിക്കെയാണ് ടോറസ് അനുബന്ധ കമ്പനികളായ വിന്റർഫെൽ റിയാലിറ്രി, ഡ്രാഗൺ സ്റ്രോൺ എന്നിവയ്ക്ക് 19 ഏക്കർ ഭൂമി 90 വർഷത്തെ പാട്ടത്തിന് നൽകിയത്. തണ്ണീർത്തടം നികത്താൻ നിയമില്ലെന്നിരിക്കെ ഇത് നെൽവയലാണെന്ന് പറഞ്ഞാണ് പ്രാദേശിക സമിതിയുടെ എതിർപ്പിനെ മറികടന്ന് മണ്ണിട്ട് നികത്തിയത്.

സർക്കാർ അനുമതിയില്ലാതെ ടോറസിന്റെ മറ്രൊരു അനുബന്ധ കമ്പനിയായ ഡ്രോൺ റിയാലിറ്രിക്ക് 2.12 ഏക്കറും നൽകി. ഒരു ലക്ഷം ചതുരശ്ര മീറ്രർ മണ്ണ് ഉപയോഗിച്ചാണ് 10 ഏക്കർ കുളമുൾപ്പെടെയുള്ള നികത്തിയത്. അതിന്റെ ദുരിതമാണ് നാട്ടുകാർ അനുഭവിക്കുന്നത്. പൊതു താത്പര്യത്തിനല്ല മറിച്ച് വാണിജ്യതാത്പര്യത്തിനാണ് സർക്കാർ 90 കൊല്ലത്തേക്ക് ടോറസിന് ഭൂമി പാട്ടത്തിന് നൽകിയതെന്ന് 2015 ജൂണിൽ സി.എ.ജി റിപ്പോർട്ടിൽ വിമർശനമുയർന്ന സ്ഥലമാണിത്.