കോവളം: മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു റമദാൻ വ്രതത്തോടനുബന്ധിച്ച് നടത്തുന്ന സംഗീതോപാസന ശ്രദ്ധേയമാവുന്നു. പരിശുദ്ധമായ റമദാൻ നാളുകളിൽ സംഗീതത്തിന്റെ പുണ്യത്തിൽ ഭക്തിയുടെ പുതുവഴികൾ തുറക്കുകയാണ് അദ്ദേഹം. റമദാൻ മാസത്തിലെ മുപ്പതു ദിവസവും നീണ്ടു നിൽക്കുന്ന സംഗീതാർച്ചനയുടെ ആദ്യ 15 ദിനങ്ങളിൽ സംഗീത സംവിധായകൻകൂടിയായ ചന്ദ്രബാബു സ്വയം രചിച്ച കീർത്തനങ്ങൾക്കായിരുന്നു സംഗീതം നൽകി ആലപിച്ചത്. തുടർന്നുള്ള 15 ദിവസങ്ങളിൽ പൂവച്ചൽ ഖാദർ, പനച്ചമൂട് ഷാജഹാൻ, റഹിം പനവൂർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഷജീർ, റഫീഖ് ഇല്ലിക്കൽ, സ്വാമി അശ്വതി തിരുനാൾ, കണിയാപുരം ബദറുദ്ദീൻ മൗലവി, വിഭുകൃഷ്ണൻ, കെ. ജയകുമാർ, പ്രഭാവർമ, വിജുശങ്കർ, ഗിന്നസ് സത്താർ, ബി.കെ. ഹരിനാരായണൻ എന്നീ പ്രമുഖരുടെ രചനകളാണ് സംഗീതം നൽകി കീർത്തനങ്ങളാക്കി സംഗീതാർച്ചനനടത്തിയത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ സമർപ്പിക്കുന്ന സംഗീതാർച്ചന ഭക്തർക്കിടയിലും ആസ്വാധകർക്കിടയിലും ശ്രദ്ധനേടിയിട്ടുണ്ട്. സർവേശ്വരനേയും റംസാൻ വ്രതത്തെയും മതസൗഹാർദ്ദത്തെയും പ്രകീർത്തിക്കുന്ന വരികളാണ് ഇദ്ദേഹത്തിന്റെ ഈണത്തിലും ആലാപനത്തിലും തുടിക്കുന്നത്. പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ചന്ദ്രബാബുവിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ശ്രീനാരായണ മിഷൻ അവാർഡ്, സ്വരാഞ്ജലി പുരസ്‌കാരം, മതമൈത്രി പുരസ്‌കാരം, മതമൈത്രി സംഗീത കലാരത്ന പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾക്ക് അർഹനായ സംഗീതജ്ഞനാണ് ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു. പ്രമുഖ പിന്നണി ഗായകൻ അഫ്സൽ ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തിന്റെ സംഗീതാർച്ചന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ സംഗീതോപാസനയെ അഭിനന്ദിച്ചും പ്രകീർത്തിച്ചും നിരവധിപേർ സന്ദേശമയയ്ക്കുന്നുണ്ടെന്നും അതിൽ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്നും ചന്ദ്രബാബു പറഞ്ഞു.