മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിന് സ്വകാര്യ വ്യക്തി ശ്മശാനത്തിന് നൽകിയ സ്ഥലത്ത് ശ്മശാനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ജനകീയ കൂട്ടായ്മ. ഇന്നലെ രാവിലെ സ്ഥലം സന്ദർശിക്കാൻ നിയുക്ത എം.എൽ.എ. ഐ.ബി. സതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി, വാർഡ് അംഗം ഷിബു, അസിസ്ൻഡ് സെക്രട്ടറി അനിൽകുമാർ എന്നിവരോടൊപ്പം സ്ഥലം കണ്ട ശേഷം തിരിച്ചെത്തുമ്പോൾ പ്രദേശവാസികൾ ശ്മശാനം ഇവിടെ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചത്.. ഒപ്പം കുടിവെള്ള പ്രശ്നമുൾപ്പെടെ നിരവധി വിഷയങ്ങൾ നിരത്തി പ്രകോപനമുണ്ടാക്കി. പള്ളിച്ചൽ, വിളവൂർക്കൽ പഞ്ചായത്തുകൾക്ക് ശ്മശാനം വന്നാൽ പ്രയോജനപ്പെടുമെന്ന ധാരണയിലാണ് സ്ഥലം കാണാനെത്തിയതെന്ന് അറിയിച്ച് നിയുക്ത എം.എൽ.എ.തിരിച്ചുപോയി. തടിച്ച് കൂടി ജനങ്ങൾ പൊതുശ്മശാനത്തിന് പഞ്ചായത്തിലെ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തണമെന്ന് പ്രസിഡന്റ് ലാലിയോടും ആവശ്യപ്പെട്ടു. ശ്മശാനമില്ലാതെ ബുദ്ധിമുട്ടുന്ന വിളവൂർക്കൽ പഞ്ചായത്തിന് മലയം സ്വദേശിയും കോൺഗ്രസ് നേതാവുമായ ബിനുതോമസാണ് മൂക്കുന്നിമലയിൽ സ്ഥലം വിട്ട് നൽകാൻ തയ്യാറായതിനെ തുടർന്നാണ് പഞ്ചായത്ത് പൊതു ശ്മശാനവുമായി നീങ്ങിയത്. ശ്മശാനത്തെ സംബന്ധിച്ച വിവരങ്ങൾ കളക്ട്രേറ്റിലും നൽകി. ജനരോഷം ഉയർന്നതിനെ തുടർന്ന് പദ്ധതിയ്ക്ക് പഞ്ചായത്തിനുള്ളിൽ തന്നെ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും പൊതുശ്മശാനം പഞ്ചായത്ത് പ്രദേശത്ത് അനിവാര്യമാണെന്നും പ്രസിഡന്റ് പറഞ്ഞു.