 ഗുഡ് സ‌ർവീസ് എൻട്രി സിവിൽ സർവീസ് ലക്ഷ്യം വച്ച്

തിരുവനന്തപുരം : കൊവിഡിന്റെ ഒന്നാംതരംഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന തൊഴിൽ വകുപ്പിലെ അസി.ലേബർ ഓഫീസർമാരെ മറികടന്ന് എ.സി മുറിയിൽ വെറുതേയിരുന്ന ഉന്നത ഉദ്യോഗസ്ഥർ ഗുഡ് സർവീസ് എൻട്രി തട്ടിയെടുക്കുന്നതായി ആക്ഷേപം. കൊവിഡിന്റെ രണ്ടാംതരംഗത്തിലും ഇത് ലക്ഷ്യമിട്ട് ഒരുകൂട്ടം പേർ രംഗത്തെത്തിറങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഗുഡ് സർവീസ് എൻട്രി ലഭിക്കുന്നത് സിവിൽ സർവീസ് നോട്ടമുള്ള ഉദ്യോഗസ്ഥർക്ക് ഗുണകരമാണ്. മൂന്നാം ഗസറ്റഡ് തസ്തികയിൽ അഞ്ചുവർഷം പൂർത്തിയാക്കിയവർക്ക് ഈ നേട്ടം സിവിൽ സർവീസ് നേടാൻ സഹായിക്കും.

ഇതിന് വേണ്ടി വകുപ്പിലെ അസി.ലേബർ ഓഫീസർമാരെ ബലിയാടാക്കുന്നുവെന്നാണ് പരാതി. ആദ്യഘട്ടത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗായി 33പേർക്കാണ് ഫെബ്രുവരി 26ന് ഗുഡ് സർവീസ് എൻ‌ട്രി ലഭിച്ചത്.

അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിൽ നേരിട്ടെത്തി പ്രവർത്തിച്ച 101അസി.ലേബർ ഓഫീസമാരിൽ എട്ട് പേർ മാത്രമാണ് ഇക്കൂട്ടത്തിലുള്ളത്. ബാക്കി 25പേരും ഓഫീസുകളിൽ ഇരുന്നവരാണ്. ഇതിൽ ഓഫീസിലിരുന്ന് ഏകോപനം നടത്തിയ അഞ്ചു പേർക്ക് അംഗീകാരം നൽകിയാലും ബാക്കി 20പേ‌ർക്ക് എന്ത് അടിസ്ഥാനത്തിൽ നൽകിയെന്നതിൽ വ്യക്തതയില്ല. ക്ലർക്കുമാരും ടെപ്പിസ്റ്റും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോൾ രണ്ടാംഘട്ട വ്യാപനം ഉണ്ടായപ്പോഴും സമാനമായ സ്ഥിതിയാണ്. സർക്കാർ നിർദ്ദേശം അറിയുന്നത് മുമ്പേ അസി.ലേബർ ഓഫീസ‌ർമാരെ ലേബർ ക്യാമ്പുകളിലേക്ക് അയച്ചു. വാഹന സൗകര്യമോ, മാസ്ക്കോ സാനിറ്റൈസറോ ഉറപ്പാക്കാതെയാണ്ജോലിയ്ക്ക് നിയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.

 നേട്ടം പലത്

ഐ.എ.എസിലേക്കുള്ള മാർഗം എളുപ്പമാകുന്നതോടൊപ്പം ഗുഡ് സർവീസ് എൻട്രിയ്ക്ക് നേട്ടം വേറെയുമുണ്ട്. ആറുമാസത്തിനിടെ രണ്ട് അംഗീകാരം ലഭിച്ചാൽ ഒരു ഇൻഗ്രിമെന്റ് അധികം ലഭിക്കും (ശമ്പളത്തിൽ 10000രൂപയുടെ വർദ്ധന) .