road

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര - റസ്സൽപുരം - വണ്ടന്നൂർ റോഡ് വഴി യാത്രചെയ്യണമെങ്കിൽ അല്പം സർക്കസ് കൂടി പഠിക്കണം. തകർന്ന റോഡും നിർമ്മാണം പാതിവഴിയിലായ ഓടയും റേഡ് നിറയെ നികന്നുകിടക്കുന്ന മണ്ണും എല്ലാമാകുമ്പോൾ തന്നെ യാത്ര വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കാൽനട പോലും ദുസഹമായ ഈ റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നൂറു കണക്കിന് ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ നിരവധി മോട്ടോർ വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്ന് പോകുന്നത്.

റോഡിന്റെ നാല് കിലോമീറ്ററോളമുളള പാത നവീകരിക്കാനാണ് പദ്ധതി തയാറാക്കിയിട്ടുളളത്. റോഡിലെ വെള്ളം ഒഴുകിപ്പോകാൻ ഓടയും നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് നവീകരണത്തിനായി അഞ്ചുകോടി രൂപയാണ് സ‌ർക്കാർ വകയിരുത്തിയിട്ടുളളത്. എന്നാൽ പണി തുടങ്ങി ഒരു വർഷമായിട്ടും ഓടകളുടെയും കലുങ്കുകളുടെയും നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതാണ് റോഡ് നവീകരണത്തിന് കാലതാമസമുണ്ടാകുന്നത്. കരമന- കളിയിക്കവിള ദേശീയ പാതയിൽ ഗതാഗത കുരുക്കുണ്ടാകുമ്പോൾ നെയ്യാറ്റിൻകരയിലേയ്ക്ക് വാഹനങ്ങളെ വഴി തിരിച്ചുവിടുന്നതിനുളള ഏക റോഡാണ് വണ്ടന്നൂർ-റസ്സൽപുരം റോഡ്. അധികൃതർ അടിയന്തരമായി റോഡ് പണി പൂർത്തിയാക്കുന്നതിനുളള നടപടികൾ കൈക്കൊളളണമെന്നാണ് യാത്രക്കരടക്കമുളള പ്രദേശവാസികളുടെ ആവശ്യം.

**റോഡ് നീളെ മണ്ണും മെറ്റലും

ഓട നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിർമാണ സാമിഗ്രികളായ മെറ്റൽ, എംസാൻഡ്‌ എന്നിവ നിർമാണം നടക്കുന്ന റോഡിലാണ് ഇറക്കിയിട്ടിരിക്കുന്നത്. ഓടനിർമ്മാണത്തിനുളള സ്ലാബുകൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത് റോഡിലൂടെയുളള യാത്രക്കാർക്ക് അപകട ഭീഷണി ക്ഷണിച്ചു വരുത്തുകയാണ്.

** അപകടങ്ങളും പതിവ്

കഴിഞ്ഞ ഏഴുമാസത്തിനിടെ നിരവധി ബൈക്ക് യാത്രികർ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. ഈ റോഡിലുളള യാത്രയ്ക്കിടെ മെറ്റലിലും കലുങ്കുകളിലും തട്ടി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാകുന്ന സംഭവങ്ങളും നിരവധിണ്. ഒരാഴ്ച മുൻപ് ബൈക്കിലെത്തിയ വീട്ടമ്മ മെറ്റൽ കൂനയിൽ വാഹനം കയറി മറിഞ്ഞു വീണ് പരിക്ക് പറ്റിയിരുന്നു. അപകടത്തിൽപ്പെട്ട പലരും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങളും നിരവധിയാണ്.